സ്വാതന്ത്ര്യദിനത്തില്‍ ഉക്രെയ്ന്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യന്‍ റോക്കറ്റ് ആക്രമണം: 22 മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്

സ്വാതന്ത്ര്യദിനത്തില്‍ ഉക്രെയ്ന്‍ റെയില്‍വേ സ്റ്റേഷനില്‍ റഷ്യന്‍ റോക്കറ്റ് ആക്രമണം: 22 മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്

കീവ്: ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശ നഗരമായ ഡൊനെറ്റ്സ്‌കിന് സമീപമുള്ള ചാപ്ലൈന്‍ നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 50 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകള്‍ക്ക് മുകളിലേക്കാണ് റോക്കറ്റ് പതിച്ചത്. നാലോളം പാസഞ്ചര്‍ ട്രെയിനുകള്‍ അഗ്നിക്കിരയായി.

കൊല്ലപ്പെട്ടവരില്‍ 11 വയസുകാരനായ ആണ്‍കൂട്ടിയുമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. കാറിലേക്ക് തീ പടര്‍ന്നാണ് ഇവര്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

സോവിയറ്റ് ഭരണത്തില്‍ നിന്ന് ഉക്രെയ്ന്‍ സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷിക വേളയിലാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ റഷ്യ വീണ്ടും പ്രകോപനം ഉണ്ടാക്കുകയാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ വീഡിയോ പ്രസംഗത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

''ചാപ്ലൈന്‍ നഗരം നമ്മെ വേദനിപ്പിക്കുകയാണ്. 22 പേരാണ് ഇതുവരെ മരിച്ചത്. ഇവിടെ സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം റഷ്യയ്ക്കാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ രാജ്യം കയ്യേറിയവരെ ഇവിടെ നിന്ന് തുരത്തും. തിന്മയുടെ ഒരു അടയാളം പോലും ഉക്രെയ്നില്‍ അവശേഷിക്കില്ല''- സെലന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനമായ ഇന്നലെ ഉക്രെയ്ന്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. റഷ്യ പലയിടത്തും ആക്രമണങ്ങള്‍ നടത്തിയേക്കാമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. കീവിലും പകല്‍ സമയത്ത് വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങിയെങ്കിലും ആക്രമണങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.