മെല്‍ബണ്‍: 80 വര്‍ഷത്തിനപ്പുറം ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് അതിഭീകര ചൂട് എന്ന് പഠനം. 2100 ഓടെ വടക്കന്‍ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മിക്ക ദിവസവും അപകടകരമായ ചൂട് അനുഭവപ്പെടാമെന്ന് കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
ഓസ്ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടാം. വര്‍ഷം തോറും ചൂടിന്റെ തീവ്രവത കൂടിവരുന്നത് ഇതിന്റെ സൂചനയാണ്. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനുള്ള പാരീസ് ഉടമ്പടി ലോകം പാലിക്കുകയാണെങ്കില്‍പ്പോലും ചൂടിന്റെ വളര്‍ച്ച ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂഎസ് വെതര്‍ സര്‍വീസിന്റെ ഹീറ്റ് ഇന്‍ഡക്‌സ് അധാരമാക്കി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെയും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ സഹായത്തോടെ നടത്തിയ പഠനത്തില്‍ ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിലെ സാധാരണ താപനില 39 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കണ്ടെത്തല്‍. പതിവായി ഉയര്‍ന്ന താപനില ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് പ്രായമായവര്‍ക്കും, പുറം ജോലിക്കാര്‍ക്കും. ഉഷ്ണമേഖല പ്രദേശങ്ങളിലുള്ളവരെ താപനില ഉയരുന്നത് കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജെറാള്‍ട്ടണിനും പെര്‍ത്തിനും ഇടയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലെ ബര്‍ക്ക് വരെ മധ്യ അക്ഷാംശ രേഖയില്‍പ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ വര്‍ഷം തോറും 30 മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടിയേക്കുമെന്നാണ് പഠനം. ഇത്രയും വലിയ ഉഷ്ണതരംഗം മുന്‍ ഇവിടെ സംഭവിച്ചിട്ടില്ലെന്ന് മെല്‍ബണ്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രത്തിലെ സീനിയര്‍ ലക്ചറര്‍ ഡോ. ആന്‍ഡ്രൂ കിംഗ് പറഞ്ഞു.
''മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്താകെ താപനില ഉയരുമ്പോള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അതിന്റെ തോത് ഇരട്ടിയോളമാകാന്‍ സാധ്യത കൂടുതലാണ്. ഈര്‍പ്പമുള്ള അവസ്ഥയും അപകടകരമാണ്. ചൂട് കൂടുന്നതനുസരിച്ച് ബാഷ്പീകരണ തോതും കൂടും. ജലം വറ്റിവരളുന്നതിന് ഇത് കാരണമാകും''-കിംഗ് പറഞ്ഞു.
ഓരോ ദിവസം ഉണ്ടാകുന്ന ചൂടിന്റെ അളവ് കൃത്യമായി പ്രവചിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ബോധവത്കരണം നല്‍കുക, ചൂടു കൂടുതലുള്ള ദിവസങ്ങളിലും സമയങ്ങളും പുറത്ത് ജോലി ചെയ്യുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അപകടകരമായ സാഹചര്യത്തെ നേരിടാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
2019-20 കാലഘട്ടങ്ങളിലുണ്ടായ കൂട്ടുതീ മൂലം ദശലക്ഷക്കണക്കിന് ടണ്‍ പുകപടലങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിന്റെ ഘടനയ്ക്ക് ആഘാതം ഉണ്ടാക്കിയതാണ് വര്‍ഷം തോറും താപനില ഉയര്‍ന്നുവരുന്നതിന് ഒരു കാരണം. 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ സ്ട്രാറ്റോസ്‌ഫെറിക് താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചു. സമീപ ഭാവിയിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീ സംഭവങ്ങളും സ്ട്രാറ്റോസ്ഫിയറില്‍ വരുത്തുന്ന മാറ്റം ചൂട് ഇനിയും വര്‍ധിക്കാന്‍ ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.