വാഷിംഗ്ടണ്‍ : ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു. രക്ഷാസമിതിയിലെ വോട്ടിംഗിനിടെയാണ് ഇന്ത്യ ചിരകാല സുഹൃത്തിനെ കൈയ്യൊഴിഞ്ഞത്. ഉക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ത്യ റഷ്യയെ എതിര്‍ത്തത്. നിലവില്‍ യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ കാലാവധി വരുന്ന ഡിസംബറില്‍ അവസാനിക്കും.
പതിനഞ്ച് അംഗ യു.എന്‍ രക്ഷാ സമിതിയില്‍ വീഡിയോ ടെലികോണ്‍ഫറന്‍സ് വഴി ഒരു മീറ്റിംഗിനെ അഭിസംബോധന ചെയ്യാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തു കൊണ്ട് യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ ക്രമ പ്രശ്‌നം ഉയര്‍ത്തുകയും നടപടിക്രമ വോട്ടിനായി വാദിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമ വോട്ടെടുപ്പിലാണ് ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് രേഖപെടുത്തിയത്. തുടര്‍ന്ന് കൗണ്‍സില്‍ സെലന്‍സ്‌കിയെ വീഡിയോ ടെലി കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ ചേരാന്‍ ക്ഷണിച്ചു. റഷ്യയും ചൈനയും മാത്രമാണ് ഇതിനെ എതിര്‍ത്തത്. കോണ്‍ഫറന്‍സില്‍ റഷ്യയ്ക്കെതിരെ സെലന്‍സ്‌കി ആഞ്ഞടിച്ചു.
ഉക്രെയ്‌നില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ റഷ്യ അധിനിവേശം ആരംഭിച്ചിട്ടും തള്ളിപ്പറയാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതുവരെ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പുകളില്‍ ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അപ്രീതിക്ക് കാരണമായിരുന്നു. ഉക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.
എന്നാല്‍ റഷ്യയില്‍ നിന്നും അധിക എണ്ണ വാങ്ങി ഇന്ത്യ ലഭിച്ച അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഇതിലും അമേരിക്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. യുദ്ധത്തില്‍ റഷ്യയുടെ നടപടികളെ ഇന്ത്യ അപലപിച്ചിരുന്നില്ല. പകരമായി ഇരു രാജ്യങ്ങളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.