കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിതരായ വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.
സെപ്തംബര്‍ നാലിന് പരീക്ഷ നടത്തുമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചിട്ടുള്ളത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെയാണ് പരിശോധനയുടെ പേരില്‍ അപമാനിച്ചത്. ഈ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വീണ്ടും പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തുന്ന സ്‌കാനിംഗിനിടെ പെണ്‍കുട്ടികളുടെ ഉള്‍വസ്ത്രത്തില്‍ ലോഹ ഹൂക്ക് ഉണ്ടെന്ന വിചിത്രമായ കാരണം പറഞ്ഞ് അത് ഊരി മാറ്റിച്ച ശേഷമാണ് പരീക്ഷയെഴുതിച്ചത്. സംഭവം വന്‍ വിവാദമായതോടെ പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷണ കമ്മീഷനെ വച്ചു. വിദ്യാര്‍ത്ഥിനികളുടെ മൊഴിയടക്കം കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നും വീണ്ടും അവസരം നല്‍കണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവശ്യമുള്ളവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് വന്നിട്ടുള്ളത്. കേരളത്തിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സംസ്ഥാനങ്ങളിലും ഇതേ ദിവസം തന്നെ പരീക്ഷ നടക്കുമെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.