ഹംഗറിയന്‍ പ്രസിഡന്റും മാര്‍പാപ്പയും കൂട്ടിക്കാഴ്ച്ച നടത്തി; കുടുംബ ബന്ധങ്ങളുടെ മഹനീയതയെക്കുറിച്ചു അഭിപ്രായം പങ്കുവച്ചു

ഹംഗറിയന്‍ പ്രസിഡന്റും മാര്‍പാപ്പയും കൂട്ടിക്കാഴ്ച്ച നടത്തി; കുടുംബ ബന്ധങ്ങളുടെ മഹനീയതയെക്കുറിച്ചു അഭിപ്രായം പങ്കുവച്ചു

വത്തിക്കാന്‍സിറ്റി: ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ കാറ്റലിന്‍ നൊവാക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. റോമിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച. ''വളരെ പ്രചോദനാത്മകമായ ഒരു കൂടിക്കാഴ്ചയായിരുന്നു'' എന്ന് നൊവാക്ക് വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്കിടെ ലോകമെമ്പാടും വനിതാ നേതാക്കള്‍ വരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വര്‍ത്തമാനകാലത്തെ അരക്ഷിതാവസ്ഥകളെക്കുറിച്ചും യുദ്ധ സാഹചര്യങ്ങളെക്കുറിച്ചും കുടുംബ ബന്ധങ്ങളുടെ മഹനീയതയെക്കുറിച്ചുമൊക്കെ സംസാരിച്ചതായി വത്തിക്കാന്‍ റേഡിയോ സ്റ്റുഡിയോയില്‍ നടന്ന അഭിമുഖത്തില്‍ നൊവാക് പറഞ്ഞു.

''പരമ്പരാഗത കുടുംബങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതാണ് ഞങ്ങളുടെ പൊതുവായ സന്ദേശം. കാരണം കുടുംബം സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും മൂലക്കല്ലാണ്. നമ്മുടെ ഭാവിയുടെ ആണിക്കല്ലാണ്. കുടുംബത്തില്‍ സ്ത്രീകളുടെ അതുല്യമായ സംഭാവന മറ്റൊന്നിനോടും പകരം വയ്ക്കാവുന്നതല്ല''- മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ നൊവാക്ക് പറഞ്ഞു.

തീക്ഷ്ണമായ കത്തോലിക്ക കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്ക വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുകയും ചെയ്യുന്ന നൊവാക്ക് മാതാവിന്റെ വലിയ ഭക്തയാണ്. തന്റെ ജീവിതത്തിന്റെ മാതൃക മറിയമാണെന്ന് അവര്‍ എപ്പഴും പറയും. പങ്കെടുക്കുന്ന എല്ലാ വേദികളിലും തന്റെ കത്തോലിക്ക വിശ്വാസം തുറന്നു പറയാന്‍ നൊവാക്കിന് മടി ഉണ്ടായിരുന്നില്ല.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാര്‍പ്പാപ്പ തന്റെ പൊന്തിഫിക്കേറ്റിന്റെ രേഖയും ഒരു വെങ്കല പ്രതിമയും നൊവാക്കിന് സമ്മാനമായി നല്‍കി. നൊവാക്കാകട്ടെ രാജ്യത്തിന്റെ സംസ്‌കാരം പ്രകടമാക്കുന്ന ഒരു കരകൗശല വസ്തുവും രണ്ട് സംഗീത ആല്‍ബങ്ങളും സമകാലിക കലകളുടെ ശേഖരത്തെക്കുറിച്ചുള്ള ഒരു പുസ്തകവും മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.

ഹംഗറിയിലേക്ക് മാര്‍പ്പാപ്പയെ ഔദ്യോഗികമായി ക്ഷണിക്കുക എന്ന ഉദ്ദേശവും കൂടി കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നു. 2023 ലാണ് ഹംഗറിയിലെ മാര്‍പാപ്പയുടെ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഹംഗറിയിലേക്ക് അദ്ദേഹം യാത്രയാകും. 2021 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒരു ഹൃസ്വ സന്ദര്‍ശനം നടത്തിയെങ്കിലും ഔദ്യോഗിക സന്ദര്‍ശനം എന്ന നിലയിലായിരുന്നില്ല അത്. ''നിങ്ങളെ കാണാന്‍ വീണ്ടും വരും'' എന്ന് പറഞ്ഞാണ് മാര്‍പാപ്പ അന്ന് മടങ്ങിയത്.

വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍, സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. പരിഭാഷകന്റെ സഹായമില്ലാതെ പാപ്പായും പ്രസിഡന്റും സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചത്.

60 ശതമാനവും ക്രൈസ്തവ പ്രാതിനിധ്യമുള്ള ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് 44 വയസുകാരിയായ കാറ്റലിന്‍ നൊവാക്ക്. ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉക്രെയ്‌നിയനുകാര്‍ക്ക് പിന്തുണ നല്‍കിയ യൂറോപ്യന്‍ ഭരണകര്‍ത്താക്കളിലൊരാളാണ് അവര്‍. ഉക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതില്‍ പോളണ്ടുമായി നൊവാക്ക് കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.