ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് നെല്ല് ഉല്‍പാദനത്തില്‍ കുറവു വന്നതോടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രധാന ഉത്പാദക സംസ്ഥാനങ്ങളിലെല്ലാം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത്തവണ നെല്‍ കൃഷിയില്‍ കുറവു സംഭവിച്ചിരുന്നു.
ആദ്യ ഘട്ടമായി പൊടിയരിയുടെ കയറ്റുമതി നിരോധിക്കുന്നതിനാണ് ആലോചിക്കുന്നത്. പ്രീമിയം ബസുമതി ഉള്‍പ്പെടെയുള്ള മറ്റിനം അരികളുടെ കയറ്റുമതി തുടരും. അരിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പൊടിയരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ആഗോള തലത്തില്‍ അരി കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.
സാധാരണപോലെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 26 നും ഇടയില്‍ രാജ്യത്ത് എട്ട് ശതമാനം അധികമഴ ലഭിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ മഴ കഴിഞ്ഞ തവണത്തേക്കാളും കുറവാണ് രേഖപ്പെടുത്തിയത്. ഇത് കാര്‍ഷിക രംഗത്തെ ബാധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. പ്രധാന നെല്‍കൃഷി ഉത്പാദകരായ ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ആശ്രയം മണ്‍സൂണ്‍ മഴയാണ്. ഇതില്‍ വന്ന കുറവാണ് നെല്‍കൃഷി മേഖലയെ ബാധിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 39 ദശലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.