കൊടും ചൂടിൽ വ്യാവസായിക തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിലെ കൂൾ ഡൗൺ ബൂത്ത്

കൊടും ചൂടിൽ വ്യാവസായിക തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിലെ കൂൾ ഡൗൺ ബൂത്ത്

 ഇതുവരെ  കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ ഉപയോഗിച്ചത് 20,000 പേർ

മുസഫ: ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് വ്യവസായിക തൊഴിലാളികൾക്കും പുറത്ത് ജോലിചെയ്യുന്നവർക്കും ആശ്വാസമേകാൻ അബുദാബി മുസഫയിൽ തുറന്ന കൂൾ ഡൗൺ ബൂത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണം. അബുദാബി പോലീസും, മുനിസിപ്പാലിറ്റിയും, ലൈഫ്‌കെയർ ആശുപത്രിയുമായി കൈകോർത്ത് സ്ഥാപിച്ച ബൂത്തിൽ ചൂടിൽ നിന്നാശ്വാസം തേടി ഇതുവരെയെത്തിയത് 20,000 ത്തിലധികം തൊഴിലാളികൾ. മുസഫ ലൈഫ്‌കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബൂത്തിൽ മെഡിക്കൽ സേവനങ്ങളും വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാനുള്ള പാനീയങ്ങളുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

ആരോഗ്യകരമായ വേനൽക്കാലം’ എന്ന പരിപാടിയുടെ ഭാഗമായാണ് ബുർജീൽ ഹോൾഡിംഗ്‌സിനു കീഴിലുള്ള ലൈഫ്‌കെയർ ആശുപത്രി ആഗസ്റ്റ് ആദ്യം നൂതന സേവനവുമായി രംഗത്തെത്തിയത്. പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാരടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവനനിരതരാണ്. ഇവർ സന്ദർശകരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്യുന്നു. സൂര്യാഘാതം ഏറ്റതായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകുന്നത്.

ബൂത്തിലെത്തുന്ന തൊഴിലാളികൾക്ക് ORS വെള്ളവും വാട്ടർ ബോട്ടിലുകളും ഭക്ഷ്യവസ്തുക്കളുമാണ് നൽകുന്നത്. ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കൊടും ചൂടിൽ ജോലി ചെയ്യുന്നവരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ലൈഫ്കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു.തൊഴിലാളികൾക്ക് സെപ്റ്റംബർ പകുതിവരെ കൂൾ ഡൗൺ ബൂത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഉച്ചമുതൽ നാല് മണിവരെയാണ് പ്രവർത്തി സമയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.