നെഹ്‌റു ട്രോഫി: അമിത് ഷായ്ക്ക് മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കെല്ലാം ക്ഷണമുണ്ടെന്ന് സര്‍ക്കാര്‍; പിണറായി-ഷാ അവിശുദ്ധ കൂട്ടുകെട്ടെന്ന് പ്രതിപക്ഷം

നെഹ്‌റു ട്രോഫി: അമിത് ഷായ്ക്ക് മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കെല്ലാം ക്ഷണമുണ്ടെന്ന് സര്‍ക്കാര്‍; പിണറായി-ഷാ അവിശുദ്ധ കൂട്ടുകെട്ടെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ എല്‍ഡിഎഫ്-യുഡിഎഫ് വാക്‌പോര് തുടരുന്നു. ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി സല്‍ക്കരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികളെ എല്ലാവരെയും സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ക്കായി ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തു വന്നു. മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു സതീശന്‍ ആരോപിച്ചു.

'അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളിക്കു ക്ഷണിച്ചത് വിസ്മയത്തോടു കൂടിയാണ് ഞങ്ങള്‍ നോക്കി കാണുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കള്‍.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥര്‍ ക്ഷണിക്കുമ്പോള്‍ അവിടുത്തെ എംപിക്ക് പ്രധാനമന്ത്രി വരേണ്ട എന്നു പറയാനാകുമോ? എന്നിട്ടും തെരഞ്ഞെടുപ്പു ലാക്കാക്കി 'പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രന്‍' എന്ന പേരില്‍ അദ്ദേഹത്തെ ആ തെരഞ്ഞെടുപ്പു കാലത്ത് ആക്ഷേപിച്ചതാണ് സിപിഎമ്മിന്റെ നേതാക്കന്മാര്‍.

ഷിബു ബേബിജോണ്‍ ഗുജറാത്തിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സില്‍ പോയതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കന്മാര്‍ പിണറായി വിജയന്‍ അമിത് ഷായെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും സതീശന്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.