ലണ്ടന്: ഒരു കാലത്ത് സൗന്ദര്യത്തിന്റെയും മനകരുത്തിന്റെയും ആള്‍രൂപമായിരുന്ന ഡയാനാ രാജകുമാരിയുടെ കാര്‍ ലേലത്തില്‍ വിറ്റ് പോയത് ഒരു മില്യണ്‍ ഡോളറിലധികം തുകയ്ക്ക്. 1980കളില്‍ ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ കാറാണ് 650,000 പൗണ്ടിന് (1.1 മില്യണ്‍ ഡോളര്‍) ബ്രിട്ടീഷുകാരനായ യുവാവ് ലേലത്തില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് 5,99,78,625 രൂപ വരും.
ഡയാന രാജകുമാരിയുടെ മരണത്തിന്റെ 25-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ലേലം. ലണ്ടന് സമീപം നോര്‍ത്താംപ്ടണ്‍ഷെയറിലെ ടൗസെസ്റ്ററിനടുത്തുള്ള സില്‍വര്‍സ്റ്റോണിലെ ലേലം സെന്ററില്‍ 12 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലേല തുകയാണ് ഡയാനയുടെ കാര്‍ വിറ്റുപോയതിലൂടെ ജൊനാതന്‍ ഹമ്പര്‍ട്ട് എന്ന ലേല കമ്പനിക്ക് കിട്ടിയത്. കാര്‍ സ്വന്തമാക്കിയ ബ്രിട്ടീഷ് പൗരന്റെ പേര് പുറത്തുവിട്ടിട്ടില്ല.
വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡയാനയ്ക്ക് വിവാഹത്തിന് മുമ്പ് ചാള്‍സ് രാജകുമാരന്‍ സമ്മാനിച്ചതാണ് ഈ കാര്‍. ഈ സീരിസില്‍ പെടുന്ന കാറുകള്‍ വെള്ളുത്ത നിറത്തിലായിരുന്നു കമ്പനി ഇറക്കിയിരുന്നത്. രാജകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കാറിന് കമ്പനി കറുത്ത നിറം നല്‍കിയത്. സ്വന്തമായി വാഹനം ഓടിച്ചായിരുന്നു പലപ്പോഴും ഡയാനയുടെ യാത്ര. ഈ സമയങ്ങളില്‍ ബോഡി ഗാര്‍ഡുകള്‍ മാത്രമെ ഇവര്‍ക്കൊപ്പം ഉണ്ടാകാറുള്ളൂ.
1985 ഓഗസ്റ്റ് മുതല്‍ ഏകദേശം മൂന്ന് വര്‍ഷത്തോളമാണ് ഈ വാഹനം ഡയാന ഉപയോഗിച്ചത്. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനിലാണെന്ന് ഫോര്‍ഡ് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം, ഡയാന ഉപയോഗിച്ച മറ്റൊരു ഫോര്‍ഡ് എസ്‌കോര്‍ട്ട് കാര്‍ 52,000 പൗണ്ടിന് (88,400 ഡോളര്‍) ലേലത്തില്‍ വിറ്റിരുന്നു. 1997 ഓഗസ്റ്റ് 31 ന് പാരീസില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ഡയാന മരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.