ദൈവസ്‌നേഹാഗ്‌നിയുടെ തീക്ഷ്ണ എല്ലാവരിലേക്കും പകരാം: പുതിയ കര്‍ദിനാള്‍മാരോടായി ഫ്രാന്‍സിസ് പാപ്പ

 ദൈവസ്‌നേഹാഗ്‌നിയുടെ തീക്ഷ്ണ എല്ലാവരിലേക്കും പകരാം: പുതിയ കര്‍ദിനാള്‍മാരോടായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവസ്‌നേഹത്തിന്റെ അഗ്‌നി എല്ലാവരിലേക്കും പകരണമെന്ന് പുതിയ കര്‍ദ്ദിനാള്‍മാരോടായി ഫ്രാന്‍സിസ് പാപ്പ. ആഗോള കത്തോലിക്കാ സഭയിലെ ഇരുപതു പുതിയ കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണച്ചടങ്ങായ കോണ്‍സിസ്റ്ററി വേളയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പസ്‌തോലിക തീക്ഷ്ണതയുടെ ഊര്‍ജം ഉള്‍ക്കൊള്ളാനും ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന് സാക്ഷ്യം വഹിക്കാനും നവകര്‍ദിനാള്‍മാര്‍ക്കു സാധിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.

അസുഖബാധിതനായതിനെതുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഘാനയില്‍ നിന്നുള്ള പുതിയ കര്‍ദിനാള്‍ റിച്ചാര്‍ഡ് കുയിയ ബാവോബറിനായി പ്രാര്‍ഥിക്കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

'ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്, അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!' ലൂക്കായുടെ സുവിശേഷത്തില്‍ യേശു പറയുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം ആരംഭിച്ചത്.

ദൈവസ്‌നേഹത്തെ തീയോടാണ് മാര്‍പാപ്പ ഉപമിച്ചത്. എല്ലാറ്റിനെയും ശുദ്ധീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവസ്‌നേഹത്തെ അതു പ്രതിഫലിപ്പിക്കുന്നു.

കത്തിച്ച ഒരു പന്തം നല്‍കി യേശു നമ്മോട് പറയുന്നത് പോലെയാണ് ഈ ചുമതലയെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു:

'ഇത് എടുത്തുകൊള്ളുക; പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ ഇപ്പോള്‍ നിങ്ങളെ അയക്കുന്നു.' ഈ വിധത്തില്‍ കര്‍ത്താവ് തന്റെ അപ്പോസ്‌തോലിക ധൈര്യവും എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കുള്ള തീക്ഷ്ണതയും നമ്മിലേക്കു പകരുന്നു. അവന്റെ മഹത്വവും അതിരുകളില്ലാത്തതും നിരുപാധികവുമായ സ്‌നേഹവും എല്ലാവരുമായി പങ്കിടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.

അഗ്നി പോലെ, അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ ദൈനംദിന ജീവിതത്തിന് ഊഷ്മളവും പോഷണവുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരെയും ഭവനരഹിതരെയും അഭയാര്‍ത്ഥികളെയും പ്രത്യേകം ഓര്‍മിക്കണമെന്ന് പുതിയ കര്‍ദ്ദിനാളുമാരോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.