ലിബിയയില്‍ ജനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂല സായുധ സേനയുടെ ആക്രമണം; 23 കൊല്ലപ്പെട്ടു, 140 പേര്‍ക്ക് പരിക്കേറ്റു

ലിബിയയില്‍ ജനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂല സായുധ സേനയുടെ ആക്രമണം; 23 കൊല്ലപ്പെട്ടു, 140 പേര്‍ക്ക് പരിക്കേറ്റു

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഭരണകൂട പിന്തുണയുള്ള സായുധ സേനയും  സിവിലയന്‍സുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 64 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരു ഹാസ്യ നടനുമുണ്ട്. ഭരണകൂട അഴിമതിയെയും ഏകാധിപത്യത്തെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മുസ്തഫ ബറാക്ക എന്ന ഹാസ്യനടനാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റാണ് ബറക മരിച്ചതെന്ന് എമര്‍ജന്‍സി സര്‍വീസ് വക്താവ് മാലെക് മെര്‍സെറ്റ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം വീണ്ടും അരക്ഷിതാവസ്ഥിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് നയതന്ത്ര വിദഗ്ധര്‍ സംഘര്‍ഷത്തെ കാണുന്നത്. 2011 ല്‍ സ്വേച്ഛാധിപത്യ ഭരണാധികാരിയായ മൊഅമ്മര്‍ ഗദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയ നാറ്റോ പിന്തുണയുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ ലിബിയ ശാന്തതയിലേക്ക് വന്നിട്ട് രണ്ട് വര്‍ഷം മാത്രമേ ആയുള്ളു. ഇതിനിടെയാണ് ഒറ്റരാത്രികൊണ്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ശനിയാഴ്ച വൈകുന്നേരം വരെ അതു തുടരുകയും ചെയ്തത്.

തലസ്ഥാനത്തെ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കുനേരെ ഷെല്ലാക്രമണം ഉണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുന്നതില്‍ നിന്ന് ആംബുലന്‍സുകളെ 'കലാപസംഘം' തടസ്സപ്പെടുത്തി. ഇത് യുദ്ധകുറ്റത്തിന് സമാനമായ പ്രവര്‍ത്തിയാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കലാപത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ട്രിപ്പോളി മുനിസിപ്പല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. അക്രമം വ്യാപകമായി പരിഭ്രാന്തി സൃഷ്ടിച്ചു. വീടുകള്‍, പൊതുജന സേവന സ്ഥാപനങ്ങളും വാഹനങ്ങളും കലാപസംഘം തകര്‍ത്തു. രാത്രി കലാപസംഘം ആകാശത്തേക്ക് വെടിവയ്പ്പ് നടത്തിയതായും മുനിസിപ്പല്‍ കൗണ്‍സില്‍ പറഞ്ഞു. 'ലിബിയയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍' അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ലിബിയയിലെ യുഎന്റെ മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് വെടി നിര്‍ത്തൽ അവസാനിച്ചത്.  അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. കലാപസാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ രാഷ്ട്രീയ ഭരണ നേതാക്കള്‍ വിദ്വേഷ പ്രസ്താവനകളും പ്രസംഗങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിബിയന്‍ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദ്ബീബയും എതിരാളി ഫാത്തി ബഷാഗയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന അധികാര പോരാട്ടത്തിന്റെ ഭാഗമാണ് ഇപ്പഴുണ്ടായ കലാപം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബഷാഗ മെയില്‍ നടത്തിയ പരിശ്രമം പരാജയപ്പെട്ടതോടെ രാജ്യത്ത് സായുധ ആക്രമണ സാഹചര്യം ശക്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.