പാരീസ്: വിമാനയാത്രയ്ക്കിടെ കോക്പിറ്റിലിരുന്ന് പരസ്പരം ഏറ്റുമുട്ടിയ രണ്ടു പൈലറ്റുമാരെ എയര്‍ ഫ്രാന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ജെനീവയില്‍നിന്ന് ഫ്രാന്‍സിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ യാത്രമധ്യേയാണ് യാത്രക്കാരുടെ ജീവന് വില കല്‍പ്പിക്കാതെ കോക്പിറ്റിലിരുന്നുള്ള പൈലറ്റുമാരുടെ കൈയാങ്കളി. വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ് ആണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
സ്വിറ്റ്സര്‍ലന്‍ഡിലെ നഗരത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ എയര്‍ബസ് എ 320 ലെ പൈലറ്റും സഹ പൈലറ്റും തമ്മില്‍ വാക്കേറ്റമുണ്ടായി. സുരക്ഷ പോലും മറന്ന് ഇരുവരും കോളറില്‍ പിടിച്ച് മുഖത്തടിച്ചതോടെ സംഘട്ടനം പരിധിവിടുമെന്ന് മനസിലായ മറ്റു ജീവനക്കാര്‍ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു. നിസാര കാര്യത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കാബിന്‍ ജീവനക്കാരില്‍ ഒരാള്‍ യാത്ര പൂര്‍ത്തിയാകുന്നത് വരെ കോക്പിറ്റില്‍ നിലയുറപ്പിക്കുകയും ചെയ്തു.
വിമാനത്തിനുള്ളില്‍ നടന്ന ഗുരുതര സുരക്ഷാ ലംഘനത്തില്‍ ഫ്രാന്‍സ് വ്യോമയാന അന്വേഷണ ഏജന്‍സി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്.
മുന്‍പും സുരക്ഷാ പ്രശ്‌നങ്ങള്‍
എയര്‍ ഫ്രാന്‍സിലെ ചില പൈലറ്റുമാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നില്ലെന്ന് ഫ്രാന്‍സിന്റെ വ്യോമയാന അന്വേഷണ ഏജന്‍സിയായ ബിഇഎ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കോക്പിറ്റിലെ കൈയാങ്കളി വാര്‍ത്ത പുറത്തുവന്നത്. റിപ്പബ്ലിക് ഓഫ് കോംങ്കോയില്‍ നിന്ന് പാരീസിലേക്ക് 2020 ഡിസംബറില്‍ എയര്‍ ഫ്രാന്‍സ് വിമാനം യാത്ര തിരിച്ചപ്പോഴുണ്ടായ ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവമാണ് ബിഇഎ റിപ്പോര്‍ട്ട് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഇന്ധന ചോര്‍ച്ചയുണ്ടായപ്പോള്‍ പൈലറ്റുമാര്‍ വിമാനം തിരിച്ചുവിട്ടെങ്കിലും ഈ ഘട്ടത്തില്‍ പാലിക്കേണ്ട നടപടികളായ എന്‍ജിനിലേക്കുള്ള വൈദ്യുതി വിഛേദിക്കുക, എത്രയും പെട്ടെന്ന് വിമാനം ലാന്‍ഡ് ചെയ്യുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബിഇഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും എന്‍ജിന് തീപിടിച്ചേക്കാമായിരുന്നുവെന്ന് ബിഇഎയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2017-നും 2022-നും ഇടയില്‍ സമാനമായ മൂന്ന് കേസുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിര്‍ദേശിക്കപ്പെട്ട സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കാതെ ചില പൈലറ്റുമാര്‍ അവരുടേതായ വിലയിരുത്തലുകള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ബിഇഎ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ സുരക്ഷ ഓഡിറ്റ് നടത്തുകയാണെന്ന് എയര്‍ ഫ്രാന്‍സ് വ്യക്തമാക്കി.
2018 ല്‍ വിമാനത്തില്‍ തമ്മില്‍ത്തല്ല് നടത്തിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പിരിച്ചുവിട്ടിരുന്നു. ലണ്ടനില്‍ നിന്നും മുംബയിലേക്കുള്ള വിമാനം ഇറാന്‍-പാകിസ്ഥാന്‍ മേഖലയിലൂടെ പറക്കുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍. പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നായിരുന്നു ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.