കോടിയേരിയോളമാകുമോ ഗോവിന്ദന്‍?... ഇല്ലെങ്കില്‍ കാര്യങ്ങള്‍ 'ഗോവിന്ദ'യാകും

കോടിയേരിയോളമാകുമോ ഗോവിന്ദന്‍?... ഇല്ലെങ്കില്‍ കാര്യങ്ങള്‍ 'ഗോവിന്ദ'യാകും

കൊച്ചി: ചിരിച്ചുകൊണ്ട് വെടിയുതിര്‍ക്കുന്ന പ്രകൃതക്കാരനാണ് കോടിയേരി ബാലകൃഷ്ണന്‍. വെളുക്കെ ചിരിക്കുമ്പോഴും കാര്‍ക്കശ്യത്തില്‍ തനി കമ്മ്യൂണിസ്റ്റ്. തെല്ലും വിട്ടുവീഴ്ച ചെയ്യില്ല. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയങ്ങളിലും പാര്‍ട്ടിക്ക് നഷ്ടമുണ്ടാകുന്ന കാര്യത്തിലും നോ കോംപ്രമൈസ്. പാര്‍ട്ടിയുടെ പ്രാദേശിക തലങ്ങളില്‍ പോലും വിഭാഗീയത തലപൊക്കിയപ്പോള്‍ നിര്‍ദാക്ഷിണ്യം വാളെടുത്തു കോടിയേരി.

പതിറ്റാണ്ടുകളായി തുടര്‍ന്നു വന്ന ആ നിലപാടിന്റെ അവസാനത്തെ ഉദാഹരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും സ്വയമേയുള്ള ഈ പടിയിറക്കം. സ്ഥാനമാനങ്ങള്‍ക്കായി പരക്കം പായുന്ന രാഷ്ട്രീയക്കാര്‍ വായിച്ചു പഠിക്കേണ്ട പാഠ പുസ്തകമായി മാറുകയാണ് കണ്ണൂരില്‍ നിന്നുള്ള ഈ കോടിയേരിക്കാരന്‍.

മക്കളായ ബിനോയിയും ബിനീഷും ചില കേസുകളില്‍ കുടുങ്ങിയപ്പോള്‍ അത് പാര്‍ട്ടിയുടെ സല്‍പ്പേരിനെ ബാധിക്കരുത് എന്ന കാര്‍ക്കശ്യം മറ്റാരാക്കാളുമുപരി കോടിയേരിക്കുണ്ടായിരുന്നു. അന്ന് ആരോഗ്യ സ്ഥിതി ഇത്രകണ്ട് മോശമായിരുന്നില്ലെങ്കിലും അക്കാര്യം പറഞ്ഞ് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് സ്വയം പിന്‍മാറുകയായിരുന്നു.

എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ.വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും നയിക്കാന്‍ കോടിയേരി തന്നെ വേണമെന്ന പൊതുവായ ചിന്ത അദ്ദേഹത്തെ വീണ്ടും അമരത്തെത്തിച്ചു. മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ നേതൃപദവി ഒഴിഞ്ഞത്. ഇത്തരത്തില്‍ മാറുന്ന ആദ്യ സംസ്ഥാന സെക്രട്ടറിയും അദ്ദേഹമാണ്.

കോടിയേരി മനസു വച്ചിരുന്നെങ്കില്‍ സെക്രട്ടറി പദം നിലനിര്‍ത്തിക്കൊണ്ടു തന്നെ പകരം സംവിധാനത്തിന് സിപിഎം തയ്യാറായിരുന്നു. പ്രമുഖ നേതാക്കള്‍ക്കിടയില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതുമാണ്. എന്നാല്‍ എതിരഭിപ്രായം പറഞ്ഞ ഏക വ്യക്തി കോടിയേരി ബാലകൃഷ്ണന്‍ മാത്രമായിരുന്നു. അടിമുടി പാര്‍ട്ടിയായി മാറിയ കോടിയേരിക്ക് മുന്നില്‍ വഴങ്ങുകയല്ലാതെ നേതൃത്വത്തിന് മറ്റ് വഴികളില്ലായിരുന്നു.

കര്‍ഷക പോരാട്ടത്തിന്റെ ചുവപ്പന്‍ മണ്ണായ മോറാഴയില്‍ നിന്നാണ് പുതിയ സെക്രട്ടറി എം.വി ഗോവിന്ദന്റെ വരവ്. മന്ത്രി സ്ഥാനം രാജി വച്ച് പാര്‍ട്ടി സെക്രട്ടറി പദവിയിലേക്കുള്ള ഗോവിന്ദന്റെ നിയോഗത്തിന് പിണറായിയുമായി ഒരു സാമ്യമുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കവെയാണ് മന്ത്രി സ്ഥാനം രാജിവെച്ച് പിണറായി പാര്‍ട്ടി സെക്രട്ടറിയായത്. പിന്നീട് ഒന്നര പതിറ്റാണ്ടു കാലം പാര്‍ട്ടിയെന്നാല്‍ പിണറായി ആയിരുന്നു.

സിപിഎമ്മിന്റെ സൗമ്യ മുഖവും ട്രബിള്‍ ഷൂട്ടറുമായിരുന്നു കോടിയേരി ബാലകൃഷ്ണനെങ്കില്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായാണ് എം.വി ഗോവിന്ദന്‍ അറിയപ്പെടുന്നത്. പാര്‍ട്ടി നിലപാടുകളെ താത്വികമായി വിശദീകരിക്കാനും അത് അണികള്‍ക്ക് മനസിലാകും വിധം ചെയ്യാനും കണ്ണൂരിലെ കായികാധ്യാപകനായിരുന്ന എം.വി ഗോവിന്ദന്‍ മാഷിന് പ്രത്യേക കഴിവുണ്ട്.

എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സുരക്ഷിത സോണിലല്ല സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോഴുള്ളത്. വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഗോവിന്ദന്‍ ചുമതലയേല്‍ക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റു മുട്ടല്‍, ഭരണത്തിലെ കാര്യക്ഷമത ഇല്ലായ്മ, കെ റെയിലും വിഴിഞ്ഞ സമരവും, പല വിഷയങ്ങളിലും എല്‍ഡിഎഫ് ഘടക കക്ഷികളുടെ അതൃപ്തി തുടങ്ങിയ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടേണ്ട വെല്ലുവിളികളാണ്.

എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോവുമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നുമാണ് സംസ്ഥാന സെക്രട്ടറി പ്രഖ്യാപനം വന്ന ശേഷം എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിയേയും മുന്നണിയേയും സര്‍ക്കാരിനേയും ഒരേ ചരടില്‍ കോര്‍ത്ത് മുന്നോട്ടു കൊണ്ടു പോകാന്‍ കോടിയേരി കാണിച്ച മിടുക്ക് ഗോവിന്ദനില്ലെങ്കില്‍ കാര്യങ്ങള്‍ 'ഗോവിന്ദ'യാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.