ഏഴ് നൂറ്റാണ്ടിന് ശേഷം എല്‍ അക്വീല ബസിലിക്ക പള്ളിയുടെ കവാടം തുറന്നു; സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

ഏഴ് നൂറ്റാണ്ടിന് ശേഷം എല്‍ അക്വീല ബസിലിക്ക പള്ളിയുടെ കവാടം തുറന്നു; സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

എല്‍ അക്വീല (ഇറ്റലി): ഇറ്റലിയിലെ എല്‍ അക്വീലയില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ബസിലിക്ക ദേവാലയത്തിന്റെ കവാടം 700 വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഓഗസ്റ്റ് 28 ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കവാടം തുറന്നതോടു കൂടി സെലസ്‌റ്റൈന്‍ അഞ്ചാമന്‍ മാര്‍പാപ്പ തുടങ്ങിവച്ച 'പെര്‍ഡോനന്‍സ സെലസ്റ്റിയാന' എന്ന വാര്‍ഷിക ആഘോഷ ചടങ്ങുകള്‍ക്കു ഔദ്യോഗിക തുടക്കമായി.

വത്തിക്കാനില്‍ നിന്ന് രാവിലെ 7.50നോടുകൂടി ഹെലികോപ്റ്ററിലാണ് റോമില്‍ നിന്ന് 70 മൈല്‍ അകലെയായി സ്ഥിതി ചെയ്യുന്ന എല്‍ അക്വീലയിലെ ബസിലിക്ക ദേവാലയത്തില്‍ പാപ്പ എത്തിയത്. 2019ല്‍ മുന്നൂറോളം ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂമികുലുക്കത്തില്‍ തകര്‍ന്ന കത്തീഡ്രല്‍ ദേവാലയത്തില്‍ ആദ്യം എത്തിയ പാപ്പ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

നിങ്ങളുടെ ഒരൊറ്റ കണ്ണുനീര്‍ തുള്ളി പോലും പാഴാകാതെ, അതെല്ലാം ദൈവത്തിന്റെ കരുണയുള്ള ഹൃദയത്തില്‍ എത്തിച്ചേരുമെന്ന് പാപ്പ പറഞ്ഞു. പാപ്പയെ കാണാനായി സമീപ ജയിലുകളില്‍ നിന്നുള്ളവര്‍ വരെ ഇവിടെ എത്തിയിരുന്നു.



കത്തീഡ്രല്‍ സന്ദര്‍ശനത്തിനു ശേഷമാണ് ബസിലിക്കയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നത്. ഒലിവ് മരം കൊണ്ട് നിര്‍മ്മിച്ച ഒരു വടി ഉപയോഗിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വാതിലില്‍ മൂന്ന് തവണ മുട്ടി. തുടര്‍ന്ന് എല്ലാവര്‍ക്കുള്ള ഉള്ളിലേക്ക് പ്രവേശിക്കുന്നതിനായി വാതിലുകള്‍ തുറക്കപ്പെട്ടു.

ത്രികാല പ്രാര്‍ത്ഥനയും ചൊല്ലി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം മാര്‍പാപ്പ ആയിരിക്കെ സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ ശവകുടീരത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഏകദേശം 12.30 ഓടെ പരിപാടികള്‍ അവസാനിപ്പിച്ച് മാര്‍പാപ്പ റോമിലേക്ക് മടങ്ങി.


സ്ഥാനത്യാഗം ചെയ്യുന്നതിന് മുമ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും എല്‍ അക്വീലയില്‍ എത്തിയത്. ഇവരുടെ പാത പിന്തുടരുന്നതിനാണോയെന്ന അഭ്യുഗങ്ങള്‍ ഉയരുന്നുണ്ട്. എഡി പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.