പേരും ഭാഷയും അജ്ഞാതം; ആമസോണ്‍ മഴക്കാടുകളില്‍ 26 വർഷം ഏകാന്ത ജീവിതം നയിച്ച ഗോത്ര മനുഷ്യന്‍ മരിച്ചനിലയില്‍

പേരും ഭാഷയും അജ്ഞാതം; ആമസോണ്‍ മഴക്കാടുകളില്‍ 26 വർഷം ഏകാന്ത ജീവിതം നയിച്ച ഗോത്ര മനുഷ്യന്‍ മരിച്ചനിലയില്‍

സാവോ പോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ആദിമ മനുഷ്യനെപോലെ മൃഗങ്ങളെ വേട്ടയാടി, ഒറ്റയ്ക്ക് ജീവിച്ചിരുന്ന, തദ്ദേശീയ ഗോത്ര വിഭാഗത്തിലെ അവസാനത്തെ അംഗം മരിച്ച നിലയില്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 26 വർഷമായി  കൊടുംകാടിനുള്ളില്‍ ഏകാന്തവും നിഗൂഢവുമായ ജീവിതം നയിച്ചിരുന്ന, 'മാന്‍ ഓഫ് ദ ഹോള്‍' എന്നറിയപ്പെടുന്ന, മനുഷ്യനാണ് മരിച്ചത്. അറുപതു വയസു പ്രായമുള്ള അദ്ദേഹത്തിന്റെ പേരെന്താണെന്നോ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്നോ അദ്ദേഹത്തിന്റെ ഗോത്രം ഏതാണെന്നോ ഇതുവരെ ആര്‍ക്കും അറിയില്ല.

മൃഗങ്ങളെ വീഴ്ത്തുന്നതിനു പുറമേ മണ്ണില്‍ ആഴമുള്ള കുഴികള്‍ കുഴിച്ച് അതിലാണ് ഇയാള്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്നത്. അതിനാലാണ് 'മാന്‍ ഓഫ് ദ ഹോള്‍' എന്ന പേരു വീണത്. പുറംലോകത്തിന് പിടികൊടുക്കാതെ ജീവിച്ച ഇയാള്‍ തനിക്ക് അടുത്തേക്ക് ആരെങ്കിലും വരാന്‍ ശ്രമിച്ചാല്‍ അമ്പെയ്ത് ആക്രമിക്കുമായിരുന്നു. അജ്ഞാതനായ ഇയാളുടെ മരണത്തോടെ ഒരു തദ്ദേശീയ സംസ്‌കാരവും ഭാഷയും എന്നെന്നേക്കുമായി മണ്‍മറഞ്ഞതായി തദ്ദേശീയരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ ഫ്യുനായ് പറഞ്ഞു.


ഒളിച്ചിരിക്കാന്‍ ഉപയോഗിച്ചിരുന്ന ആഴമുള്ള കുഴികളിലൊന്ന്‌

1980-കള്‍ മുതല്‍ വനം കൊള്ളക്കാരില്‍നിന്നും കര്‍ഷകരില്‍നിന്നുമുള്ള ആക്രമണങ്ങളെതുടര്‍ന്ന് ഈ വ്യക്തിയുടെ ഗോത്രത്തിലെ മറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് അനുമാനം.

ആമസോണ്‍ കാട്ടില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഒറ്റയ്ക്ക് താമസിക്കുന്ന ഈ മനുഷ്യന്റെ വീഡിയോ തദ്ദേശീയര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫ്യൂനായ് എന്ന ഏജന്‍സി 2018-ല്‍ പുറത്തുവിട്ടിരുന്നു. 1996 മുതല്‍ ഫ്യൂനായുടെ നിരീക്ഷണത്തിലാണ് ഇയാള്‍. അമ്പതിനും അറുപതിനും ഇടയ്ക്ക് പ്രായം തോന്നുന്ന ഉറച്ച ശരീരമുള്ള മനുഷ്യനെ വീഡിയോയില്‍ കാണാം. 22 വര്‍ഷമായി കാട്ടില്‍ ആരോടും മിണ്ടാതെ ഏകാന്തവാസം നയിക്കുന്ന ഇയാള്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. ഇദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഫ്യൂനായ് പുറത്തുനിന്ന് ആരെയും കാട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ സംരക്ഷിത വനമേഖലയില്‍ വേട്ടയാടിയാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.

ദൂരെ നിന്ന് നിരീക്ഷിച്ച ഫ്യൂനായ് ഉദ്യോഗസ്ഥനാണ് ഈ മനുഷ്യന്റെ അഴുകിയ നിലയിലുള്ള ശരീരം ഒരു ഊഞ്ഞാലില്‍ കിടക്കുന്നതായി കണ്ടെത്തിയത്. ശരീരത്തിന് ചുറ്റും കടും നിറമുള്ള തൂവലുകള്‍ തിരുകിവെച്ചിരുന്നു. അതിനാല്‍ അയാള്‍ മരണത്തിന് തയാറെടുത്തിരുന്നതായി ഉദ്യോഗസ്ഥര്‍ കരുതുന്നു. ശരീരത്തിന്റെ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.