ലോകായുക്ത ബില്‍ ഇന്ന് നിയമസഭ പാസാക്കും; എതിര്‍പ്പ് തുടര്‍ന്ന് പ്രതിപക്ഷം

 ലോകായുക്ത ബില്‍ ഇന്ന് നിയമസഭ പാസാക്കും; എതിര്‍പ്പ് തുടര്‍ന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള അങ്കം തുടരുന്നതിനിടെ ലോകായുക്തയുടെ അധികാരം കവരുന്ന ബില്‍ ഇന്നു നിയമ സഭ പാസാക്കും. എണ്ണത്തില്‍ കുറവുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ഇക്കാര്യത്തില്‍ പ്രയോജനപ്പെടില്ല. പക്ഷെ ഗവര്‍ണറുടെ തീരുമാണ് അന്തിമം. സര്‍വകലാശാല ബില്ലിന്റെ ഭാവി നോക്കി ലോകായുക്തയുടെ വിധി ഗവര്‍ണര്‍ നിശ്ചയിക്കും.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിന് നേരത്തെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പൂന പരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്.

മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം.എല്‍.എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. സി.പി.ഐ മുന്നോട്ടു വച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെ ബില്‍ പാസാകും എങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ഇനിയുള്ള ആകാംക്ഷ.

ഗവര്‍ണറും വളരെ സൂക്ഷ്മമായാണ് കാര്യങ്ങള്‍ കാണുന്നത്. വിവാദമായ ലോകായുക്ത ബില്‍ നിയമസഭയില്‍ പാസാക്കുമ്പോള്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

സി.പി.ഐയുടെ തര്‍ക്കം തീര്‍ത്തത് ആശ്വാസകരമാണ്. വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി.പി.എമ്മും സി.പി.ഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയില്‍ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുന്‍ ബദലില്‍ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കി. ഫലത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള ലോകായുക്ത വിധി സര്‍ക്കാര്‍ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മുമായി പോരടിച്ച സി.പി.ഐയും നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിച്ചു. നിലവിലെ നിയമത്തില്‍ അപ്പീല്‍ അവസരമില്ലെന്ന വാദമാണ് സി.പി.ഐ ന്യായീകരണം.

അതേസമയം തന്നെ സമ്മര്‍ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ജനാധിപത്യത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷേ തന്നെ സമ്മര്‍ദത്തിലാക്കാനാകില്ല. നിയമസഭയെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.