വാഷിങ്ടണ്‍: സാഹസികതയില്‍ അല്‍പം കൗതുകംകൂടി ചേര്‍ത്താല്‍ ആരായാലും ഒന്നു ശ്രദ്ധിച്ചുപോകില്ലെ. അത്തരത്തില്‍ അമേരിക്കക്കാരനായ 60 കാരന്‍ നടത്തിയ കൗതുകവും സാഹസികവുമായ ഒരു അപൂര്‍വ്വ യാത്രയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
ഉളളു പൊള്ളയാക്കിയ കൂറ്റന്‍ 'മത്തങ്ങ വള്ള'ത്തില്‍ ഡ്യുവാന്‍ ഹാന്‍സെന്‍ എന്ന ബെല്ലെവ്യൂ സ്വദേശിയുടെ 'സാഹസിക കൗതുക' യാത്ര ഇതിനോടകം തന്നെ ദശലക്ഷക്കണക്കിനാളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു കഴിഞ്ഞു.
മത്തങ്ങ കൃഷിയുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹാന്‍സെന് ഇത്തരമൊരു ആശയം മനസില്‍ ഉദിച്ചത്. ഒറ്റ കേള്‍വിയില്‍ 'കിറുക്കന്‍' ആശയമെന്ന് ആര്‍ക്കും തോന്നാമെങ്കിലും ഹാന്‍സെന്‍ അതു ചെയ്യാന്‍ തീരുമാനിച്ചു. ഇതിനിടെ മത്തങ്ങ വള്ള സഞ്ചാരം നടത്തിയ സ്ത്രീയെ കണ്ടുമുട്ടിയത് ഹാന്‍സെന് തന്റെ യാത്രയ്ക്ക് മുതല്‍കൂട്ടായി.
ഇത്രയുമൊക്കെ ആയെങ്കിലും വള്ളം നിര്‍മ്മിക്കാനുള്ള കൂറ്റന്‍ മത്തങ്ങ കണ്ടെത്തുന്നതായിരുന്നു നേരിട്ട വെല്ലുവിളി. വലിയ മത്തങ്ങയ്ക്ക് വേണ്ടിയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു. ലഭിക്കാതെ വന്നതോടെ സ്വന്തമായി കൃഷി ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഹാന്‍സെന്‍ എത്തി. അങ്ങനെ തന്റെ കൃഷിയിടത്തില്‍ 'കിറുക്കന്‍' യാത്രയ്ക്കുള്ള മത്തങ്ങ വളര്‍ത്തല്‍ ആരംഭിച്ചു. ഒരു ദശാബ്ദത്തോളം കാത്തിരുന്ന ശേഷമാണ് അനുയോജ്യമായ മത്തങ്ങ ഹാന്‍സെന് ലഭിച്ചത്.
846 പൗണ്ട് ഭാരമുണ്ടായിരുന്നു യാത്രയ്ക്ക് കണ്ടെത്തിയ മത്തങ്ങയ്ക്ക്. മുകള്‍ ഭാഗം മുറിച്ചു മാറ്റിയ ശേഷം മത്തങ്ങയുടെ ഉള്ള് പൊള്ളയാക്കി. അതിനുള്ളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കി. ഒരു തുഴയും സംഘടിപ്പിച്ച ശേഷം മത്തങ്ങ വള്ളം മിസോറി നദിയില്‍ ഇറക്കി തന്റെ സാഹസിക യാത്ര ആരംഭിച്ചു.
മത്തങ്ങ വള്ളത്തിലെ ഹാന്‍സന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ശക്തമായ കറ്റും തിരയും ഇടയ്ക്കിടെ ഭീഷണി ഉയര്‍ത്തി. മത്തങ്ങ വള്ളത്തിനു മുകളിലേക്ക് തിര അടിച്ച് വെള്ളം ഉള്ളില്‍ കയറുന്ന അപകടഘട്ടങ്ങളും ഉണ്ടായി. എങ്കിലും മനസാന്നിധ്യം വിടാതെ ഹാന്‍സെന്‍ മുന്നോട് തന്നെ തുഴഞ്ഞു. അങ്ങനെ 11 മണിക്കൂര്‍ കൊണ്ട് 38 മൈല്‍ താണ്ടിയ ഹാന്‍സെന്‍ മത്തങ്ങ വള്ളത്തിലെ ഏറ്റവും ദൈര്‍ഘമേറിയ യാത്രക്കാരന്‍ എന്ന റെക്കോഡിലേക്ക് തുഴഞ്ഞടുത്തു.
25 മൈല്‍ ഒഴുകിയ റിക്ക് സ്വെന്‍സന്‍ എന്ന സ്ത്രീക്കാണ് മത്തങ്ങ വള്ള യാത്രയില്‍ നിലവില്‍ ഗിന്നസ് റെക്കോഡ് ഉളളത്. ഹാന്‍സന്റെ യാത്ര ഗിന്നസ് അധികൃതര്‍ അംഗീകരിച്ചാല്‍ റിക്ക് സ്വെന്‍സന്റെ സ്ഥാനത്ത് ഡ്യുവാന്‍ ഹാന്‍സെന്റെ പേര് ചേര്‍ക്കപ്പെടും. പ്രദേശിക വാര്‍ത്താ ചാനലായ നെബ്രാസ്‌ക യാത്ര ചിത്രീകരിച്ചിട്ടുണ്ട്. ഇവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളും വാര്‍ത്തയും അടക്കമാണ് ഗിന്നസ് റെക്കോഡ് കമ്മറ്റിയിലേക്ക് അയച്ചിരിക്കുന്നത്. തന്റെ പേരിലും ഗിന്നസ് റെക്കോഡ് എഴുതപ്പെടുന്നത് കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഡ്യുവാന്‍ ഹാന്‍സെന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.