ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരന്‍; ഇനി മുന്നില്‍ മസ്‌കും ജെഫ് ബെസോസും മാത്രം

ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരന്‍; ഇനി മുന്നില്‍ മസ്‌കും ജെഫ് ബെസോസും മാത്രം

മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ഗൗതം അദാനി. ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഇന്ത്യക്കാരനോ ഏഷ്യക്കാരനോ ആദ്യ മൂന്നില്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.

ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് അദാനിക്കു മുന്നിലുള്ളത്. റിലയന്‍സ് ഉടമ മുകേഷ് അംബാനി പതിനൊന്നാമതാണ്. 10,97,310 കോടി രൂപയാണ് അദാനിയുടെ ആസ്തി. കഴിഞ്ഞ മാസമാണ് ബില്‍ ഗേറ്റ്‌സിനെ ഗൗതം അദാനി മറികടന്ന് നാലാമതെത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ ഗേറ്റ്സ് ഉള്‍പ്പടെയുള്ളവര്‍ നീക്കി വെച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിയെ സഹായിച്ചത്. ഗേറ്റ്സ് 20 ബില്യണ്‍ ഡോളറും വാറന്‍ ബഫറ്റ് 35 ബില്യണ്‍ ഡോളറുമാണ് ഇത്തരത്തില്‍ ചെലവഴിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ അദാനിയും വര്‍ധന വരുത്തിയിട്ടുണ്ട്. 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ അദാനി മറികടന്നിരുന്നു.

ബ്ലൂംബര്‍ഗ് ഇന്‍ഡെക്‌സിലെ ആദ്യ 10 ല്‍ എട്ടും യുഎസില്‍ നിന്നുള്ള കോടീശ്വരന്മാരാണ്. ആദ്യ 14 ല്‍ 12 പേര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പത്തില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള അദാനിക്കും അംബാനിക്കും മാത്രമാണ് സമ്പത്ത് വര്‍ധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.