കേരളത്തിലെ നിർധനരായ 25 കുടുംബങ്ങൾക്ക് ഫൊക്കാന വീട് നിർമ്മിച്ചു നൽകും: ഡോ. ബാബു സ്റ്റീഫൻ

കേരളത്തിലെ നിർധനരായ 25 കുടുംബങ്ങൾക്ക് ഫൊക്കാന വീട് നിർമ്മിച്ചു നൽകും: ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ നിർധനരായ 25 കുടുംബങ്ങൾക്ക് വീട് വച്ചു നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന അധ്യക്ഷനായതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന് തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ആദ്യമായി അംഗമായൊരു സംഘടനയാണ് റോട്ടറി ക്ലബ്ബ്. 1980 ലാണ് ഞാൻ അമേരിക്കയിലേക്ക് വിദ്യാർത്ഥിയായി പോവുന്നത്. ഇന്ന് ഫൊക്കാനയുടെ പ്രസിഡന്റാണ്. എന്നിലെ പൊതു പ്രവർത്തകൻ ജനിച്ചത് എന്റെ തിരുവനന്തപുരത്തെ ജീവിതകാലത്തായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
അസാധ്യമായി ഒന്നുമില്ലെന്നത് ഞാൻ എന്റെ ജീവിതാനുഭവങ്ങളിലൂടെ പഠിച്ചതാണ്. രണ്ട് മാസം മുൻപ് ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിനായി അമേരിക്കയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. മലയാളി സംഘടനാ നേതാക്കളുമായി നേരിട്ട് സംസാരിച്ചു. ഫൊക്കാന തെരഞ്ഞെടുപ്പിൽ എൺപതുശതമാനം വോട്ടുകൾ നേടിയാണ് ഞാൻ വിജയിച്ചത്. എന്നും പാവപ്പെട്ടവർക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സംഘടനയാണ് ഫൊക്കാന. ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
അമേരിക്കയിൽ നിരവധി ഇന്ത്യക്കാർ എത്തുന്നുണ്ട്. അതിൽ സ്റ്റുഡന്റ്‌സ് വിസയിലെത്തുന്നവരും എമിഗ്രേഷൻ വിസയിലെത്തുന്നവരുമുണ്ട്. അമേരിക്കയിലെത്തി നിരവധിപേർ പല രീതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവർക്കൊരു കൈത്താങ്ങാവാനുള്ള പദ്ധതിയും ഫൊക്കാന ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഡോ ബാബു സ്റ്റീഫൻ പറഞ്ഞു.
ഫൊക്കാന ജന. സെക്രട്ടറി ഡോ കലാ ഷാഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, മുൻ വൈ.പ്രസിഡന്റ് തോമസ് തോമസ് എന്നിവരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.രഞ്ജിത്ത് പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദമന്ത്രിയും തിരുവന്തപുരം എം.പിയുമായ ഡോ.ശശി തരൂർ മുഖ്യാതിഥിയായിരുന്നു. സിനിമാ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കർ, റോട്ടറി ക്ലബ് സെക്രട്ടറി സുദീപ്, സുരേഷ് (ക്രീയേഷൻ), ഡോ. മോഹൻ കുമാർ, ഡോ. ലക്ഷ്മി, ജനാർദ്ദനൻ, ഡോ. ജയകുമാർ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.