യാക്കോബായ സഭയെ ജീവന്‍ നല്‍കി സ്‌നേഹിച്ച വലിയ ഇടയന്‍: മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

യാക്കോബായ സഭയെ ജീവന്‍ നല്‍കി സ്‌നേഹിച്ച വലിയ ഇടയന്‍: മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവന്‍ നല്‍കി സ്‌നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ബാവാ തിരുമേനിയുടെ ദേഹവിയോഗത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

ഒന്‍പതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠമായ ജീവിതവും അതില്‍ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയ ശുശ്രൂഷയും വഴി ഈ ലോകത്തില്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

സിറോ മലബാര്‍ സഭയും യാക്കോബായ സുറിയാനി സഭയും തമ്മില്‍ സഹോദര ബന്ധമുണ്ട്. മാര്‍ത്തോമ്മായുടെ പൈതൃകത്തിലാണു രണ്ടു സഭകളുടെയും വേരുകള്‍. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാവാ തിരുമേനിയുടെ ജീവിതമെന്നു സഭാ ചരിത്രം ഓര്‍മിപ്പിക്കുന്നു. കാരണം, പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലത്താണു അദ്ദേഹം സഭയെ നയിച്ചത്. വിശ്വാസപരമായും ഭൗതികമായും ആ നേതൃത്വം യാക്കോബായ സഭയ്ക്ക് ബലമായിരുന്നു എന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സ്വന്തം സഭയുടെ ആരാധനയിലും തനിമയിലും ആഴത്തില്‍ വിശ്വസിക്കുമ്പോഴും ഇതര സഭകളോടും മതങ്ങളോടുമുള്ള ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സൗഹൃദ ഭാവം വലുതായിരുന്നു. എക്യുമെനിസത്തിന്റെ വക്താവായിരുന്ന അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2024 ഫെബ്രുവരി 24ന് അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. വാര്‍ധക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും സൗഹൃദം പങ്കുവയ്ക്കാനും സാഹോദര്യത്തോടെയുള്ള ദൈവ-മനുഷ്യ ശുശ്രൂഷകളെക്കുറിച്ചു പറയാനും അദ്ദേഹം ശ്രമിച്ചു.

ദൈവ സന്നിധിയില്‍ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങള്‍ക്കും പ്രതിഫലം ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. സിറോ മലബാര്‍ സഭയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും അനുശോചനവും യാക്കോബായ സുറിയാനി സഭയെ അറിയിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.