സിഡ്നി: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പൊലീസ്. ന്യൂ സൗത്ത് വെയില്‍സിലെ സിഡ്നിയില്‍ 2015 മാര്‍ച്ച് ഏഴിനാണ് ബംഗളൂരു സ്വദേശിനിയായ പ്രഭ അരുണ്‍കുമാര്‍ (41) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സിഡ്നിയിലെ പാരമറ്റ പാര്‍ക്കില്‍ വെച്ച് അജ്ഞാതന്റെ കുത്തേറ്റായിരുന്നു മരണം.
സംഭവം നടന്ന് പത്ത് വര്‍ഷമാകാറായിട്ടും ന്യൂ സൗത്ത് വെയില്‍സ് പൊലീസിന് കേസില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. പാര്‍ക്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കൊലയാളിയുടെ വ്യക്തമായ ദൃശ്യങ്ങളൊന്നും തന്നെ കിട്ടിയില്ല. തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് പൊലീസ് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വിവരം നല്‍കുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെങ്കില്‍ പോലും തുക നല്‍കുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലിയുടെ ഭാഗമായാണ് പ്രഭ ഓസ്ട്രേലിയയിലെത്തിയിരുന്നത്. മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്ന ഇന്ത്യന്‍ ഐ.ടി. കമ്പനിയിലാണ് പ്രഭ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് അരുണ്‍കുമാറുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. തന്നെ ആരോ പിന്തുടരുന്നുവെന്ന് പ്രഭ പറഞ്ഞുവെന്നും ഇതിന് പിന്നാലെ അവര്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് അരുണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രഭയുടെ താമസ സ്ഥലത്തു നിന്ന് 400 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഭയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ കുറിച്ച് അന്വേഷിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 2017-ല്‍ ഓസ്ട്രേലിയന്‍ പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയിരുന്നു. കൊലപാതകികളും കൊലപാതകത്തിന് സഹായിച്ചവരും ഓസ്ട്രേലിയയ്ക്ക് പുറത്തുള്ളവരാകാന്‍ സാധ്യതയുണ്ട് എന്ന് 2016-ല്‍ തന്നെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് സൂചിപ്പിച്ചിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് ഹോമിസൈഡ് സ്‌ക്വാഡ് കമാന്‍ഡര്‍ ഡാനി ഡോഹെര്‍ട്ടി സ്ഥിരീകരിച്ചിരുന്നു. ഈ കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26