വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എം.ഡിയെ ഹൈക്കോടതി പുറത്താക്കി

 വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എം.ഡിയെ ഹൈക്കോടതി പുറത്താക്കി


കൊച്ചി: യോഗ്യതയില്ലാതെ നിയമനം നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ മാര്‍ക്കറ്റ് ഫെഡ് എം.ഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്കറ്റ് ഫെഡ് എം.ഡി എസ്.കെ സനിലിനെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സനില്‍ ഇന്നു തന്നെ ഒഴിയണമെന്നും നിര്‍ദേശിച്ചു. എം.ഡി എന്ന തലത്തില്‍ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സനിലിന്റെ നിയമനം ചോദ്യം ചെയ്ത് വയനാട് സ്വദേശിയായ കൃഷ്ണന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

2018 ലാണ് സനിലിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സനിലിനെ എം.ഡി സ്ഥാനത്ത് നിന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. സിംഗിള്‍ ബഞ്ച് ഉത്തരവും റദ്ദാക്കി.

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് എം.ഡിയായി നിയമിക്കേണ്ടത്. ആ ചട്ടം സനിലിനെ നിയമിച്ചപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനത്തിലെ സര്‍ക്കാരിന്റെ വീഴ്ചയില്‍ ഹൈക്കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.