മുറിവുണക്കാനെത്തുമോ ഫ്രഞ്ച് പ്രസിഡന്റ്? ഓസ്ട്രേലിയൻ സന്ദര്‍ശനത്തിനൊരുങ്ങി ഇമ്മാനുവല്‍ മാക്രോണ്‍

മുറിവുണക്കാനെത്തുമോ ഫ്രഞ്ച് പ്രസിഡന്റ്? ഓസ്ട്രേലിയൻ സന്ദര്‍ശനത്തിനൊരുങ്ങി ഇമ്മാനുവല്‍ മാക്രോണ്‍

കാന്‍ബറ: അന്തര്‍വാഹിനി നിര്‍മാണ കരാര്‍ സംബന്ധിച്ച തര്‍ക്കത്തില്‍ മങ്ങലേറ്റ സൗഹൃദം വീണ്ടെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ പകുതിയോടെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഓസ്ട്രലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ഇമ്മാനുവല്‍ മാക്രോണും പങ്കെടുക്കുന്നുണ്ട്. അതിനുശേഷമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓസ്‌ട്രേലിയ സന്ദര്‍ശനമെന്നാണു സൂചന.

ഫ്രാന്‍സിനു നല്‍കിയ 90 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി നിര്‍മാണ കരാര്‍ ഓസ്‌ട്രേലിയ റദ്ദാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെയാണ് ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്ട്രേലിയ പിന്‍മാറിയത്. ഇത് ഫ്രാന്‍സിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ചാണ് ഫ്രാന്‍സ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് എതിരേ ഇമ്മാനുവല്‍ മാക്രോണ്‍ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. ത്രിരാഷ്ട്ര സുരക്ഷാ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സ്‌കോട്ട് മോറിസണ്‍ വെളിപ്പെടുത്തിയില്ലെന്ന് മാക്രോണ്‍ കുറ്റപ്പെടുത്തി. ഈ തര്‍ക്കത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ആശാവഹമായ നീക്കമുണ്ടാകുന്നത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ചുകാലമായി നടക്കുകയാണെന്നും ഔപചാരികമായി ഉടനെ സ്ഥിരീകരിക്കുമെന്നും പേര് വെളിപ്പെടുത്താത്ത ഓസ്‌ട്രേലിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നവംബറിലായിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ രണ്ട് സര്‍ക്കാരുകളും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിന് നഷ്ടപരിഹാരമായി കരാര്‍ കമ്പനിക്ക് 835 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ഓസ്ട്രേലിയ ഒരു മാസം മുന്‍പ് സമ്മതിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്തര്‍വാഹിനി നിര്‍മാണ കമ്പനിയായ നേവല്‍ ഗ്രൂപ്പിനാണ് ഓസ്‌ട്രേലിയ വന്‍ തുക നഷ്ടപരിഹാരം നല്‍കുന്നത്.

നവംബര്‍ 15, 16 തീയതികളില്‍ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഉച്ചകോടിക്ക് ശേഷം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്ട്രേലിയ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണു ശേഷം ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ സന്ദര്‍ശനത്തെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ഇരു രാജ്യങ്ങളും തയാറായിട്ടില്ല.

വിശദമായ വായനയ്ക്ക്:

അന്തര്‍വാഹിനി നിര്‍മാണക്കരാര്‍ റദ്ദാക്കല്‍; ഫ്രാന്‍സിന് ഓസ്‌ട്രേലിയ 835 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.