'തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം'; ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപത

'തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം'; ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപത

'അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം'.

തിരുവനന്തപുരം: തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്നതടക്കമുള്ള ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കാതെ വിഴിഞ്ഞം സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപതാ യോഗം തീരുമാനിച്ചു. ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കും. സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകും.

ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. സമര വേദിയില്‍ മാറ്റില്ലെന്നും യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച സമരം 16 ന് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുമായി തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും മന്ത്രിമാരുമായി വൈദികരുടെ നേതൃത്വത്തിലുള്ള സമര സമിതിയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനം ആയില്ല.

മത്സ്യത്തൊഴിലാളികളോട് ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് സമര സമിതി നേതാക്കളുടെ പരാതി. സമരത്തിനെതിരെ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഭാഗത്തു നിന്നുണ്ടായ പ്രസ്താവനകള്‍ സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റാത്തത് മൂലമാണ് പുതിയ പ്രഖ്യാപനങ്ങളില്‍ സമരക്കാര്‍ക്ക് വിശ്വാസമില്ലാതായത്.

അതിനിടെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരം ചെയ്യരുതെന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമര സമിതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.