വെല്ലിംഗ്ടണ്‍: ഓണക്കാലത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക് പ്രവാസികളെ തിരിച്ചുനടത്തി ന്യൂസീലാന്‍ഡില്‍ ഓണാഘോഷം. തലസ്ഥാനമായ വെല്ലിംഗ്ടണ്ണിലാണ് 'മാങ്ങ വെല്ലിംഗ്ടണ്‍ പൊന്നോണം 2022' എന്നു പേരിട്ട വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഐക്യത്തിന്റെ പൂക്കളം തീര്‍ത്ത് കെങ്കേമമായാണ് വെല്ലിംഗ്ടണിലെ മലയാളികള്‍ ഓണം ആഘോഷിച്ചത്.
വെല്ലിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ (ഡബ്ല്യുഎംഎ) നേതൃത്വത്തില്‍ കില്‍ബിര്‍ണിയിലെ വെല്ലിംഗ്ടണ്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലായിരുന്നു പരിപാടി. വിദേശികള്‍ ഉള്‍പ്പെടെ 800-ലധികം അതിഥികളാണ് പങ്കെടുത്തത്.
വെല്ലിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ (ഡബ്ല്യുഎംഎ) നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍നിന്ന്
പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് അതിഥികളെ പ്രവേശന കവാടത്തില്‍ സ്വീകരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ആക്ടിംഗ് ചാര്‍ജ് ഡി അഫയര്‍മാരായ മുകേഷ് ഘിയ, ഹട്ട് സൗത്തില്‍നിന്നുള്ള എം.പി ക്രിസ് ബിഷപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ റൊങ്കോട്ടായ് എംപി പോള്‍ ഈഗിള്‍ നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ന്യൂസീലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായ മലയാളി പ്രിയങ്ക രാധാകൃഷ്ണനായിരുന്നു മുഖ്യാതിഥി. മന്ത്രിക്കു പങ്കെടുക്കാനായില്ലെങ്കിലും റെക്കോര്‍ഡ് ചെയ്ത ഓണാശംസ ചടങ്ങില്‍ കേള്‍പ്പിച്ചു.
ഓണാഘോഷ പരിപാടിയില്‍ തിരുവാതിര അവതരിപ്പിക്കുന്നു
ന്യൂഡീലാന്‍ഡ് അനുദിനം ഒരു ബഹുസ്വര സമൂഹമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നു പ്രിയങ്ക രാധാകൃഷ്ണന്‍ പറഞ്ഞു. 160-ലധികം ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്. അനേകം വിശ്വാസ സമൂഹങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഇവിടെ ജീവിക്കുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ക്ക് അവരുടെ വിശ്വാസം നിലനിര്‍ത്തുന്നതിനും തനതായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.
ഓഗസ്റ്റ് 13-ന് ഡബ്ല്യുഎംഎ സംഘടിപ്പിച്ച പ്രസംഗം, ഫാന്‍സി ഡ്രസ്, പാട്ട്, നൃത്ത മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി നിരവധി കലാകാരന്മാര്‍ അണിനിരന്ന ദൃശ്യകലാവിരുന്നും ഉണ്ടായിരുന്നു. ഓണസദ്യയിലെ വിഭവങ്ങളുടെ വൈവിധ്യം വിദേശ എം.പിമാരെ ആകര്‍ഷിച്ചു. ഡബ്ല്യുഎംഎ പ്രസിഡന്റ് പ്രശാന്ത് കുര്യൻ, സെക്രട്ടറി തെരേസ് ബെന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.