കാലിഫോര്‍ണിയയില്‍ ദുരിതം വിതച്ച് കാട്ടുതീ; കത്തിനശിച്ചത് 4254 ഏക്കര്‍

കാലിഫോര്‍ണിയയില്‍ ദുരിതം വിതച്ച് കാട്ടുതീ; കത്തിനശിച്ചത് 4254 ഏക്കര്‍

ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ വന്‍ നാശം വിതച്ച് കാട്ടുതീ പടരുന്നു. വെള്ളിയാഴ്ചയാണ് മുതലാണ് വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ ആരംഭിച്ചത്. ശനിയാഴ്ച്ചയായതോടെ സിസ്‌കിയോ കൗണ്ടിയില്‍ 4254 ഏക്കറിലാണ് കാട്ടുതീ പടര്‍ന്നത്. ഈ സാഹചര്യത്തില്‍ ആയിരത്തിലധികം പ്രദേശവാസികളോട് ഒഴിഞ്ഞ് പോകാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ 50-ലധികം കെട്ടിടങ്ങള്‍ അഗ്നിക്കിരയായെന്നും സിസ്‌കിയോ കൗണ്ടിയിലെ അഗ്‌നിശമനാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

വീഡ്, ലേക്ക് ഷാസ്റ്റിന, എഡ്ജ്വുഡ് എന്നീ നഗരങ്ങളിലുള്ളവരോടും ഒഴിഞ്ഞ് പോകാന്‍ ഉത്തരവിട്ടിട്ടുണ്ട്. കന്നുകാലികള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കായി സുരക്ഷിത സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


കാലിഫോര്‍ണിയയിലെ വീഡില്‍ തീപിടിത്തത്തില്‍ നശിച്ച വീടുകള്‍ക്കു മുന്നില്‍ അഗ്‌നിശമന സേനാംഗങ്ങള്‍

ജീവന് ഭീഷണിയുള്ളതിനാല്‍ പ്രദേശത്തുള്ളവര്‍ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രദേശം പൂര്‍ണമായും അടച്ചതായും ഒഴിപ്പിക്കല്‍ ഉത്തരവില്‍ പറയുന്നു. സെപംബറില്‍ രാജ്യത്തെ താപനില റെക്കോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വടക്കന്‍ കാലിഫോര്‍ണിയയില്‍ ജനസാന്ദ്രത കുറഞ്ഞ സിസ്‌കിയോവിന്റെ ഭാഗങ്ങളില്‍ സമീപ വര്‍ഷങ്ങളിലുണ്ടായ കാട്ടുതീയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഏകദേശം 3,000 പേര്‍ വസിക്കുന്ന വീഡില്‍ 2014ലെ തീപിടിത്തത്തില്‍ 150ലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്.

ഫോസില്‍ ഇന്ധനങ്ങള്‍ അനിയന്ത്രിതമായി കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം കാലാവസ്ഥ വ്യതിയാനങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി തുടരുന്ന വരള്‍ച്ച അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.