ശാസ്ത്രവും മതവും: ഗവേഷകര്‍ക്ക് വഴികാട്ടിയായ ആന്‍ഡ്രൂ പിന്‍സെന്റ്

ശാസ്ത്രവും മതവും: ഗവേഷകര്‍ക്ക് വഴികാട്ടിയായ  ആന്‍ഡ്രൂ പിന്‍സെന്റ്

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തഞ്ചാം ഭാഗം.

ശാസ്ത്രവും മതവും വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശാഖകളാണ്. അവയുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തങ്ങളായതു കൊണ്ട് അവയെ ഒരുമിപ്പിക്കുക അത്ര എളുപ്പമല്ല. ഈ പംക്തിയില്‍ നാം കണ്ട പല ശാസ്ത്രജ്ഞരും ശാസ്ത്രത്തെയും മതത്തെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ ആ ദൗത്യം ജീവിത ദൗത്യമായി കണ്ട് തന്റെ ആരോഗ്യവും സമയവും പ്രയത്‌നങ്ങളും അതിനായി മാറ്റിവെച്ചയാളാണ് ആന്‍ഡ്രൂ പിന്‍സെന്റ്.

1966 ലാണ് അദ്ദേഹം ജനിച്ചത്. ഭൗതിക ശാസ്ത്രത്തില്‍ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ഡിഗ്രി ഉണ്ട്. അതോടൊപ്പം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മെര്‍ട്ടന്‍ കോളേജില്‍ നിന്ന് High-energy physics എന്ന മേഖലയില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നാണ് തത്വശാസ്ത്ര, ദൈവശാസ്ത്ര ബിരുദങ്ങള്‍ നേടിയത്. സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തീകരിക്കുകയും ചെയ്തു.

Eleonore Stump ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ മേല്‍നോട്ട ചുമതല. ഇംഗ്ലണ്ടിലെ Arundel and Brighton എന്ന രൂപതയില്‍ സേവനം ചെയ്യുന്ന ഒരു കത്തോലിക്കാ പുരോഹിതനാണ് അദ്ദേഹം. ആംഗ്ലിക്കന്‍ സഭയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കപ്പെടുന്ന ഇംഗ്ലണ്ടില്‍ ക്രിസ്തീയ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. എന്നാല്‍ അതിനുമപ്പുറം വിശ്വാസത്തില്‍ ജീവിക്കുകയും ആ വിശ്വാസം വളര്‍ത്താന്‍ ആ രാജ്യത്തെ ഏറ്റവും പ്രമുഖമായ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് വളരെ സ്മരണീയമാണ്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഹാരിസ് മാഞ്ചസ്റ്റര്‍ കോളേജില്‍ അദ്ദേഹം തന്റെ ഗവേഷണങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇയാന്‍ റാംസെയ് ശാസ്ത്ര-മത സംവാദ കേന്ദ്രത്തില്‍ ഗവേഷണ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ സ്ഥിതി ചെയ്യുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടുത്തത്തിന് ഹേതുവായ CERN ലാബില്‍ DELPHI പ്രോജക്ടിലെ ഒരു നിര്‍ണായക വ്യക്തിയായിരുന്നു അദ്ദേഹം. അവിടെ നിന്നുള്ള ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമായി പുറത്തിറക്കിയ 31 ലേഖനങ്ങളുടെ എഴുത്തുകാരന്‍ കൂടിയാണ് പിന്‍സെന്റ്.

ഇപ്പോള്‍ തന്റെ അറിവുകളും ബൗദ്ധിക ശക്തിയും ഓട്ടിസം ബാധിച്ച കുട്ടികളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള പരിശ്രമങ്ങളില്‍ ആണ് അദ്ദേഹം വ്യയം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും പരസ്‌നേഹ തല്‍പരതയും ഇതില്‍ നിന്നും വ്യക്തമാണ്. Anscombe Bioethics Centre യില്‍ അദ്ദേഹം തന്റെ ഗവേഷണങ്ങള്‍ നടത്തുന്നു. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് ഈ രോഗത്തിന്റെ തീവ്രതയില്‍ നിന്നു രോഗ ബാധിതരെ രക്ഷിക്കുക എന്നതാണ് പിന്‍സെന്റിന്റെ ലക്ഷ്യം.

അതോടൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ അംഗമാണ്. ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന പഠനങ്ങള്‍ക്കായി അദ്ദേഹം ഉള്‍പ്പെടുന്ന സമിതി 2009 മുതല്‍ ഉദ്ദേശം ആറ് മില്യണ്‍ പൗണ്ട് ഗ്രാന്റ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളില്‍ താമസിക്കുന്ന അനേകം ശാസ്ത്രജ്ഞര്‍ക്ക് പിന്‍സെന്റ് വഴിയായി തങ്ങളുടെ പഠനം തുടരാനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ശാസ്ത്രവും മതവും തമ്മിലുള്ള പരസ്പര്യത്തെപ്പറ്റി ഗവേഷണം നടത്തുന്ന അനേകര്‍ക്ക് അദ്ദേഹം വഴി കാട്ടിയും റിസര്‍ച്ച് ഗൈഡും കൂടിയാണ്.

നിരവധി മാധ്യമങ്ങളില്‍ ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പിന്‍സെന്റ് സംസാരിച്ചിട്ടുണ്ട്. BBC, EWTN തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധമായ മാധ്യമങ്ങളില്‍ അദ്ദേഹം വിശ്വാസത്തെയും ശാസ്ത്രത്തെയും ബന്ധിപ്പിച്ച് സംസാരിച്ചിട്ടുണ്ട്. BBC യില്‍ ദൈവമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്ത് നടത്തുന്ന നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ വിശ്വാസത്തെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നതുമെല്ലാം വളരെ ആകര്‍ഷകമാണ്.

European Journal for Philosophy of Religion എന്ന ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന പ്രസിദ്ധീകരണത്തില്‍ അദ്ദേഹം സ്ഥിരമായി എഴുതാറുണ്ട്. Catholic Herald എന്ന മാസികയില്‍ തന്നെത്തന്നെ വിശ്വാസി എന്ന് വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹം ചെറുപ്പം മുതല്‍ തന്നെ എഴുതിയിട്ടുണ്ട്. പല പൊതുവേദികളിലും ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംവാദങ്ങള്‍ സംഘടിപ്പിക്കുകയും അനുവാചകര്‍ക്ക് ഗ്രാഹ്യമായ രീതിയില്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

The Second-Person Perspective in Aquinas's Ethics: Virtues and Gifts എന്ന 2012 ല്‍ പുറത്തിറക്കിയ പുസ്തകമാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം. മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം കൂടാതെ ക്രിസ്തീയ ധാര്‍മികത, തത്വശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം, ന്യൂറോ ദൈവശാസ്ത്രം, മനുഷ്യനെക്കുറിച്ചുള്ള തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ആന്‍ഡ്രൂ പിന്‍സെന്റ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുകയും തന്റെ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.

മുന്‍ എപ്പിസോഡുകള്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://cnewslive.com/author/33939/1



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.