അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്ക്; പരിധി കടന്ന കടമെടുക്കലെന്ന് 'ക്രെഡിറ്റ് ഇന്‍സൈറ്റ്സ്'

 അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്ക്; പരിധി കടന്ന കടമെടുക്കലെന്ന് 'ക്രെഡിറ്റ് ഇന്‍സൈറ്റ്സ്'

മുംബൈ: അദാനി ഗ്രൂപ്പിന്റെ കടബാധ്യത 2.6 ലക്ഷം കോടിയിലേക്കെത്തുമെന്ന് റിസര്‍ച്ച് ഏജന്‍സിയായ ക്രെഡിറ്റ് സൂയിസ്.
സിമന്റ് കമ്പനികളായ എ.സി.സി, അംബുജ എന്നിവയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെയാണ് ബാധ്യത ഈ നിലയില്‍ എത്തുന്നത്. നിലവില്‍ 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള ഗ്രൂപ്പിന് 40,000 കോടിയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉണ്ടാകുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പിന്റെ കടം കുത്തനെ വര്‍ധിച്ചിരുന്നു. 2016നു ശേഷം കടത്തില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. തുറമുഖം, ഹരിത ഊര്‍ജം, വൈദ്യുതി വിതരണം, വിമാനത്താവളം, റോഡ്, ഡേറ്റ സെന്റര്‍ വ്യവസായ മേഖലകളിലെ അതിവേഗ വിപുലീകരണമാണ് കടം ഉയരാന്‍ കാരണം.

ബാങ്കു വായ്പയെ മാത്രം ആശ്രയിക്കാതെ കടമെടുക്കാന്‍ മറ്റു മാര്‍ഗങ്ങളും കമ്പനി ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വായ്പാ സ്ഥാപനങ്ങളില്‍ നിന്നും കടപ്പത്രങ്ങള്‍ വഴിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കടമെടുപ്പാണ് ഇത്തരത്തില്‍ തരപ്പെടുത്തിയിട്ടുള്ളത്.

2022 സാമ്പത്തിക വര്‍ഷം ഗ്രൂപ്പിനു കീഴിലെ മിക്ക കമ്പനികളിലും കടം ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടബാധ്യത ഉയരുന്നതിനൊപ്പം ഗ്രൂപ്പിന്റെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റേത് പരിധികടന്ന കടമെടുക്കലാണെന്ന് ഫിച്ചിനു കീഴിലുള്ള റിസര്‍ച്ച് ഏജന്‍സിയായ 'ക്രെഡിറ്റ് ഇന്‍സൈറ്റ്‌സ്' അടുത്തിടെ വിലയിരുത്തിയിരുന്നു. പരിചയമില്ലാത്ത മേഖലകളിലേക്കുള്ള അതിവേഗ വൈവിധ്യവല്‍ക്കരണം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ക്രെഡിറ്റ് ഇന്‍സൈറ്റ്‌സ് സൂചിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.