'പുഞ്ചിരിക്കുന്ന പാപ്പ' ജോണ്‍ പോള്‍ ഒന്നാമന്‍ വാഴ്ത്തപ്പെട്ട പദവിയില്‍

'പുഞ്ചിരിക്കുന്ന പാപ്പ' ജോണ്‍ പോള്‍ ഒന്നാമന്‍ വാഴ്ത്തപ്പെട്ട പദവിയില്‍

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയെ 33 ദിവസം മാത്രം നയിച്ച, 'പുഞ്ചിരിക്കുന്ന പോപ്പ്' എന്ന് വിളിക്കപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമനെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ നടന്ന സമൂഹദിവ്യബലി മദ്ധ്യേയാണ് ഫ്രാന്‍സീസ് പാപ്പ, ജോണ്‍ പോള്‍ ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച അല്‍ബിനൊ ലുച്യാനിയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഔദ്യോഗികമായി ചേര്‍ത്തത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ മാര്‍സലോ സെമരാറോ ഇരുപത്തിഅയ്യായിരത്തോളം വിശ്വാസികളുടെ സാന്നിധ്യത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

കുരിശില്‍ തറച്ച യേശുവിനെ ചുംബിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ക്രിസ്തുവിന്റെ ശിരസിലെ മുള്‍മുടിയിലുള്ള ഏതാനും മുള്ളുകളില്‍ നിന്ന് മുറിവേല്‍ക്കാതെ അതിന് സാധിക്കില്ലെന്ന് വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കിയ ഫ്രാന്‍സിസ് മാര്‍പാപ്പ, ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ വാചകങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

1978 ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ, 33 ദിവസം മാത്രം സാര്‍വ്വത്രികസഭയെ നയിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വകാല പാപ്പായാണ്. ഏവരെയും ചെറുപുഞ്ചിരിയോടെ സമീപിച്ച അദ്ദേഹത്തിന് 'പുഞ്ചിരിക്കുന്ന പാപ്പ'എന്ന ഓമനപ്പേരും ലഭിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 28-നായിരുന്നു അന്ത്യം.

ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. വടക്കെ ഇറ്റലിയിലെ കനാലെ ദ അഗോര്‍ദൊ എന്ന ആല്‍പ്പൈന്‍ താഴ്വാര ഗ്രാമത്തിലെ ലൂച്യാനി കുടുംബത്തില്‍ 1912 ഒക്ടോബര്‍ 17-നായിരുന്നു അല്‍ബീനോ ലൂച്യാനിയുടെ ജനനം.

1935-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം രൂപതാ സെമിനാരി റെക്ടറായും അദ്ധ്യാപകനുമായി സേവനം ചെയ്യവെ 1958-ല്‍ ജോണ്‍ 23-ാമന്‍ പാപ്പ അദ്ദേഹത്തെ വിത്തോറിയൊ വേനെത്തൊ രൂപതയുടെ മെത്രാനായി നിയോഗിച്ചു. 1958 ഡിസംബര്‍ 27-ന് അദ്ദേഹം മെതാനായി അഭിഷിക്തനായി.

1969-ഡിസംബര്‍ 15-ന് പോള്‍ ആറാമന്‍ പാപ്പാ വെനീസിലെ പാത്രിയര്‍ക്കീസായി ബിഷപ്പ് ലുച്യാനിയെ ഉയര്‍ത്തുകയും 1973 മാര്‍ച്ച് 5-ന് കര്‍ദ്ദിനാളാക്കുകയും ചെയ്തു. എളിമ ജീവിതം സ്വീകരിച്ച കര്‍ദ്ദിനാള്‍ ലൂച്യാനി സൈദ്ധാന്തിക ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം, സഭാനിയമം, ക്രൈസ്തവകല എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ ബിരുദധാരിയുമായിരുന്നു.

അര്‍ജന്റീനയില്‍ തീവ്രമായ മസ്തിഷ്‌ക്ക വീക്കവും അപസ്മാര രോഗവും മൂലം ഏറെ കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോയ പെണ്‍കുട്ടിക്ക് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയുടെ മാധ്യസ്ഥം മൂലം ലഭിച്ച സൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമായത്. 2008 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ നാമകരണവുമായി ബന്ധപ്പെട്ട് വിസ്തരിച്ച 21 സാക്ഷികളില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സാക്ഷ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഒരു പാപ്പ തന്റെ മുന്‍ഗാമിയെക്കുറിച്ച് മുഖാമുഖം സാക്ഷ്യം നല്‍കുന്നത് ഇതാദ്യമായിട്ടായിരുന്നു.

രണ്ടാമതൊരു അത്ഭുതംകൂടി സഭ സ്ഥിരീകരിച്ചാല്‍ ജോണ്‍ പോള്‍ ഒന്നാമനെ വിശുദ്ധനാക്കും. 1000 വര്‍ഷത്തിനിടെ എട്ടു പാപ്പമാരെയേ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.