ദുബായില്‍ കൂടുതല്‍ ഇടങ്ങളില്‍ സാലിക്ക് ടോള്‍ ഗേറ്റുകള്‍ വരുന്നു

ദുബായില്‍ കൂടുതല്‍ ഇടങ്ങളില്‍ സാലിക്ക് ടോള്‍ ഗേറ്റുകള്‍ വരുന്നു

ദുബായ്: എമിറേറ്റിലെ സാലിക്ക് ടോള്‍ ഗേറ്റുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളിലേക്ക് നീങ്ങി ദുബായ്. വാഹന ഗതാഗതം കൂടുതൽ സുഗമമാക്കുകയെന്നുളളത് ലക്ഷ്യമിട്ട് കൂടുതല്‍ ഇടങ്ങളില്‍ സാലിക്ക് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചേക്കും. നിലവില്‍ 8 സാലിക്ക് ടോള്‍ ഗേറ്റുകളാണ് ദുബായില്‍ ഉളളത്.ഇത് കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കും.
നഗരത്തില്‍ വാഹനത്തിരക്ക് കൂടുന്നത് കണക്കിലെടുത്താണ് കൂടുതല്‍ സാലിക്ക് ഗേറ്റുകള്‍ സ്ഥാപിക്കാനുളള തീരുമാനത്തിലേക്ക് അധികൃതർ നീങ്ങുന്നത്.ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാകും ഇത് പ്രാബല്യത്തില്‍ വരുത്തുകയെന്ന് സാലിക് ബോർഡ് ഡയറക്ടർ അബ്ദുള്‍ മുഹ്സെന്‍ കലാബത്ത് പറഞ്ഞു.

അതേസമയം സാലിക്ക് നിരക്കില്‍ വർദ്ധന വരുത്തുന്നകാര്യവും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നാല് ദിർഹമാണ് സാലിക്ക് നിരക്ക്. ഇത് വർദ്ധിപ്പിക്കുകയോ അതല്ലെങ്കില്‍ തിരക്കേറിയ മണിക്കൂറുകളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ സിംഗപൂരിലും അമേരിക്കയിലെ ഡല്ലാസിലും സമാനമായ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനം ദുബായ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്.

ടോള്‍ ഗേറ്റിന്‍റെ പ്രവർത്തകരായ സാലിക്കിന്‍റെ ഓഹരി വില്ക്കാനുളള തീരുമാനമാണ് മറ്റൊരു സുപ്രധാന നീക്കം.20 ശതമാനമാണ് പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്യുക. അതായത് 1.5 ബില്ല്യണ്‍ ഓഹരികളാണ് പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്യുക. ആദ്യ ഓഹരി വില്‍പന ഈ മാസം 13 ന് തുടങ്ങി 20 ന് അവസാനിക്കും. ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റിയും ടീകോം നേരത്തെ ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ആ പാത പിന്തുടർന്ന് സാലിക്കും പൊതുവിപണിയിലേക്ക് എത്തുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.