ചൈനയെ ഞെട്ടിച്ച് ഭൂകമ്പം: 46 മരണം; 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം

ചൈനയെ ഞെട്ടിച്ച് ഭൂകമ്പം: 46 മരണം; 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം

ബീജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിങ് നഗരത്തില്‍ 43 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി.

നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വൈദ്യതി ബന്ധങ്ങള്‍ തകരാറിലായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാന നഗരമായ ചേങ്ദുവില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ക്ക് സംഭവിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണളുടെ ഭാഗമായി കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശമാണിത്. വീടിനുള്ളില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടെന്നും വീട്ടുകരണങ്ങള്‍ താഴേയ്ക്ക് വീഴുന്ന സാഹചര്യമുണ്ടായെന്നും പ്രദേശവാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂചലനത്തില്‍ പ്രധാന നഗരത്തിലേക്ക് കടക്കുന്ന റോഡുകള്‍ തകരുകയും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ താറുമാറായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി തുടര്‍ പ്രകമ്പനങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കന്‍ ടിബറ്റില് 4.6 തീവ്രത രേഖപ്പെടുത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടു.

നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ഭൂകമ്പ ബാധിത മേഖലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശത്തുള്ളവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി പ്രദേശിക ഭരണകൂടം വ്യക്തമാക്കി. യു.എസ് ജിഎസ് പ്രകാരം പ്രാരംഭ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കന്‍ ടിബറ്റില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെ ഭൂകമ്പകേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ആയിരത്തിലധികം സൈനികരെ അയച്ചതായി സിചുവാന്‍ സീസ്മോളജിക്കല്‍ അതോറിറ്റി അറിയിച്ചു. ആയിരക്കണക്കിന് ടെന്റുകളും പുതപ്പുകളും മടക്കാവുന്ന കിടക്കകളും അധികൃതര്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളെ രക്ഷിക്കാനും ജീവഹാനി കുറയ്ക്കാനും എല്ലാ ശ്രമങ്ങളും നടത്താനും പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടു.

2008ല്‍ സിചുവാന്‍ പ്രവിശ്യയില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.