തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ആവര്‍ത്തിച്ച് ട്രസിന്റെ 'വിജയ പ്രസംഗം'; നികുതി വെട്ടിക്കുറക്കുമെന്ന് പ്രഥമ പ്രഖ്യാപനം

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി ആവര്‍ത്തിച്ച് ട്രസിന്റെ 'വിജയ പ്രസംഗം'; നികുതി വെട്ടിക്കുറക്കുമെന്ന് പ്രഥമ പ്രഖ്യാപനം

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ബ്രിട്ടണിന്റെ ഭാവി പ്രധാനമന്ത്രി ലിസ് ട്രസ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. നികുതി വെട്ടിക്കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ക്കാകും പ്രഥമ പരിഗണന നല്‍കുകയെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല ഉര്‍ജ്ജമേഖലയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരം ഉണ്ടാക്കുമെന്നും ട്രസ് ഉറപ്പ് നല്‍കുന്നു.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നന്ദി പറഞ്ഞുകൊണ്ടാണ് ട്രസ് തന്റെ പ്രസംഗം ആരംഭിച്ചത്. യാഥാസ്ഥിക ഭരണം തുടരുമെന്ന് വ്യക്തമാക്കിയ അവര്‍ ജോണ്‍സണ്‍ന്റെ ഭരണ നേട്ടങ്ങള്‍ ഒന്നൊന്നായി എടുത്തു പറഞ്ഞു. രാജ്യത്തെ സാമ്പത്തിക നേട്ടത്തിനായി റിഷി സുനക് നല്‍കിയ വാഗ്ദാനങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പോലും വിശ്വാസം ഇല്ലാത്തതിന്റെ തെളിവാണ് തന്റെ വിജയമെന്നും ട്രസ് ചൂണ്ടിക്കാട്ടി.

വര്‍ഷം 3000 കോടി യൂറോയുടെ നികുതിയിളവാണ് ലിസ് ട്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി കൂട്ടാനുള്ള തീരുമാനം പിന്‍വലിക്കുമെന്നും ഊര്‍ജത്തിന് ഈടാക്കുന്ന ഹരിതനികുതി നിര്‍ത്തലാക്കുമെന്നും ട്രസ് വാഗ്ദാനം നല്‍കുന്നു. റഷ്യക്കെതിരെയുള്ള കടുത്ത നലപാട് തുടരുമെന്നും ട്രസ് പറഞ്ഞു.

പുതിയ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തതോടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എലിസബത്ത് രാജ്ഞിയെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്‌കോട്ട്‌ലാന്‍ഡിലെ വസതിയിലെത്തി രാജി സമര്‍പ്പിക്കും. ഇതോടെ നിലവിലുള്ള ബോറിസ് മന്ത്രിസഭയുടെ അധികാരം അവസാനിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തില്‍ വരും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസാകും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി ആവശ്യപ്പെട്ട് എലിസബത്ത് രാജ്ഞിയെ സമീപിക്കുക. തുടര്‍ന്ന് ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ അധികാരമേല്‍ക്കും. രാജ്ഞിയുടെ സാന്നിധ്യം ആവശ്യമായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും സ്‌കോട്ട്‌ലാന്‍ഡില്‍ തന്നെയാകും നടക്കുക.

ചരിത്രത്തിലാധ്യമായാണ് ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിംഗ്ഹാം പാലസിന് പുറത്ത് പുതിയ പ്രധാനമന്ത്രിയെ വാഴിക്കുന്ന ചടങ്ങ് നടക്കുന്നത്. രാജ്ഞിക്ക് അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ കഴിയാത്തതാണ് കാരണം. എലിസബത്ത് രാജ്ഞിക്ക് കീഴില്‍ 12 ഓളം പ്രധാനമന്ത്രിമാര്‍ അധികാരമേറ്റിറ്റുണ്ടെങ്കിലും ബക്കിംഗ്ഹാം കൊട്ടരത്തിന് പുറത്തുവച്ച് ഒരു പ്രധാനമന്ത്രിയെ വാഴിക്കുന്നത് ഇത് ആദ്യമാണ്.

പ്രധാനമന്ത്രിയെ കണ്ടെത്താന്‍ 1.8 ലക്ഷം കണ്‍സര്‍വേറ്റിവ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് വിജയം നേടിയത്. 82.6 ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. അതായത് അകെ വോട്ടിന്റെ 57 ശതമാനം. എതിര്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന് നേടാനായത് 43 ശതമാനം വരുന്ന 60,399 വോട്ടുകള്‍ മാത്രമാണ്. സുനകിനേക്കാള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷം ട്രസ് നേടി. 654 വോട്ട് അസാധുവായി.

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും 47 കാരിയായ ലിസ് ട്രസ്. മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേയ് എന്നിവരായിരുന്നു ഇതിനു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ വനിതകള്‍. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി.

ബ്രിട്ടണിന്റെ പുതിയ നേതാവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍ അഭിന്ദിച്ചു. ലിസിന്റെ വിജയം ഇന്ത്യ-യുകെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് ലിസ് ട്രസ്. ബ്രിട്ടനും ഇന്ത്യയും ആഗോള വ്യാപാര ശക്തിയുടെ 'സ്വീറ്റ് സ്‌പോട്ട്' ആണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരിക്കെ ലിസ് പറഞ്ഞിരുന്നു. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായിരുന്നു ലിസിന്റെ 'സ്വീറ്റ് സ്‌പോട്ട്' പരാമര്‍ശം. ലിസ് ഇന്ത്യ സന്ദര്‍ശിക്കുകയും പീയുഷ് ഗോയലുമായി വെര്‍ച്വലായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇത് രാജ്യത്തിന് ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാണ് എന്നായിരുന്നു അന്ന് ലിസ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.