ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായും ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഈ സംഘടനകള്‍ക്ക് തുര്‍ക്കിയിലെ ഐഎച്ച്എച്ച് എന്ന സംഘടനയുമായി ബന്ധമുണ്ട്. ഐഎച്ച്എച്ചിന് അല്‍ഖാഇദുയുമായി ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
''തെറ്റായ കാര്യങ്ങളാണ് സിദ്ദിഖ് കാപ്പന്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ല എന്നാണ് കാപ്പന്‍ പറഞ്ഞത്. 2009 മുതല്‍ ജിദ്ദയില്‍ ഗള്‍ഫ് തേജസ് പത്രത്തില്‍ റിപ്പോര്‍ട്ടറായിരുന്നു ഇദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമാണ് തേജസ്. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ നാല് ഐഡി കാര്‍ഡുകള്‍ സിദ്ദിഖ് കാപ്പന്റെ കൈവശമുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം തേജസ് പത്രത്തിന്റേതാണ്. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളുടെ ഭാഗമായിരുന്നു കാപ്പന്‍. ഹത്രാസില്‍ കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
കേസിലെ പ്രതിയായ റഊഫ് ശരീഫിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം ഹത്രാസിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കിയത് ശരീഫാണ്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 17 പേജുള്ള ലഘുലേഖ കണ്ടെത്തി. കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ലഘുലേഖയിലുണ്ടായിരുന്നത്. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. കാപ്പനൊപ്പമുണ്ടായിരുന്നവര്‍ നേരത്തെ കലാപ കേസുകളില്‍ പ്രതികളാണ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിഖുര്‍ റഹ്മാന്‍ മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയാണ്. മസൂദ് അഹമ്മദ് ബെഹ്‌റൈച്ച് കലാപക്കേസിലെ പ്രതിയാണ്.
ജോലിയുടെ ഭാഗമായിട്ടാണ് കാപ്പന്‍ പോയതെങ്കില്‍ എന്തിനാണ് കലാപക്കേസിലെ പ്രതികള്‍ക്കൊപ്പം പോയത്. 2020 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 45000 രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നതിനെ കുറിച്ച് കാപ്പന് വ്യക്തമായ മറുപടിയില്ല. കേസിലെ മറ്റൊരു പ്രതിയായ ഡാനിഷ് ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ലാത്ത ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റൊരു പ്രതിയായ ഡ്രൈവര്‍ ആലമിന് ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ടെങ്കിലും സിദ്ദിഖ് കാപ്പനെതിരെ പ്രത്യേക നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ഈ വേളയില്‍ കാപ്പന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ക്ക് തിരിച്ചടിയാകും. പ്രതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ തന്നത് ബിഹാറില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ വിവി ബിനു ആണ്. കേസിലെ സാക്ഷിയായ ബിനുവിന് ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണ സംഘത്തിന് നേരിട്ട് വന്ന് മൊഴി നല്‍കാതെ ഇമെയില്‍ വഴിയാണ് ബിനു വിവരങ്ങള്‍ കൈമാറിയത്'' എന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2020 ഒക്ടോബര്‍ മുതല്‍ യുപി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അടുത്ത വെള്ളിയാഴ്ച ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനിരിക്കെയാണ് യുപി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.