സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് മാറി ബക്സ്റ്റണില്‍ കാര്‍ മരത്തില്‍ ഇടിച്ചുകയറി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച രാത്രി എട്ടോടെ ബക്സ്റ്റണിലെ ഗ്രാമീണ വഴിയിലാണ് അപകടം ഉണ്ടായത്. ആറു പേരുണ്ടായിരുന്ന വാഹനത്തില്‍ 18 കാരനായ ഡ്രൈവര്‍ മാത്രം രക്ഷപെട്ടു. ഗുരുത പരിക്കോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓറഞ്ച് റോഡിന്റെയും ഈസ്റ്റ് പരേഡിന്റെയും ഇടയിലുള്ള റോഡിലാണ് അപകടം ഉണ്ടായത്. മെഡിക്കല്‍ സംഘം ഹെലിക്കോപ്ടറില്‍ എത്തിയപ്പോഴേക്കും അഞ്ചു കുട്ടികളും മരിച്ചിരുന്നു. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. 14 വയസുള്ള രണ്ട് പെണ്‍കുട്ടികളും 15 വയസുള്ള ഒരു പെണ്‍കുട്ടിയും 15 ഉം 16 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ച എല്ലാവരും ഒരേ സ്‌കൂളില്‍ പഠിക്കുന്ന അയല്‍വാസികളാണ്.
അപകടം അതി ഭയാനകമെന്നാണ് കാംഡന്‍ പോലീസ് മേധാവി സൂപ് പോള്‍ ഫുള്ളര്‍ വിശേഷിപ്പിച്ചത്. തന്റെ പൊലീസ് ജീവിതത്തില്‍ ഇത്രയും ഭയാനകമായ അപകടം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് പേര്‍ക്ക് യാത്രാനുമതിയുള്ള വാഹനത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നോ, അമിത വേഗതയിലായിരുന്നോ എന്ന കാര്യങ്ങള്‍ അന്വഷിച്ച് വരികെയാണ്. അപകടത്തില്‍ രക്ഷപെട്ട ഡ്രൈവറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പോള്‍ ഫുള്ളര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ ജേസണ്‍ ഹോഗന്‍ പറഞ്ഞു. ആഘാതത്തില്‍ കാര്‍ പകുതിയായി പിളര്‍ന്നു. സംഭവസ്ഥലത്ത് സ്‌കിഡ് മാര്‍ക്കുകള്‍ കണ്ടെത്തി.
അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് അപകടത്തിന് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്. ''നാല് സീറ്റുള്ള വാഹനത്തില്‍ ആറ് പേര്‍ ഉള്ളത് സ്വാഭാവികമായും അപകടകരമാണ്, അത് ചെയ്യാന്‍ പാടില്ല,'' ഡിറ്റക്ടീവ് ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ ഹോഗന്‍ പറഞ്ഞു.
മരത്തില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നും മൃതദേഹങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നെന്ന് സ്ഥലത്ത് ആദ്യം എത്തിയ പ്രദേശവാസികളില്‍ ഒരാളായ മേരി പേസ് പറഞ്ഞു. ''കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും എവിടെയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുമായിരുന്നില്ല. അത് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം കണ്ട് സ്ഥലത്ത് ഓടിയെത്തിയ അയല്‍വാസിയായ നഴ്‌സ് യാത്രക്കാരില്‍ ഒരാളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്''- മേരി പറഞ്ഞു.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് കാര്‍ ഓടിച്ചത്. ഇയാള്‍ക്ക് താല്‍കാലിക ലൈസന്‍സ് ഉണ്ടായിരുന്നു. അപകട സമയം ഇയാള്‍ മദ്യപിച്ചിരുന്നോ എന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ച് വരികെയാണ്. ഡ്രൈവറോട് ഒരു പകയും വയ്ക്കരുതെന്നും അവന്റെ ഇപ്പോഴത്തെ മാനസിലാവസ്ഥ നരകത്തിന് തുല്യമാണെന്നും കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ലില്ലി വാന്‍ ഡി പുട്ടെയുടെ പിതാവ് ജോണ്‍ വാന്‍ ഡി പുട്ടെ പ്രതികരിച്ചു.
ന്യൂ സൗത്ത് വെയില്‍സിലെ പിക്ടണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍. കൂട്ടുകാരുടെ മരണത്തില്‍ താങ്ങാനാകാത്ത ദുഖത്തിലാണ് സഹപാഠികള്‍. സ്‌കൂളിന്റെ ചരിത്രത്തില്‍ ഇത്തരമൊരു അപകടം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മുറാത്ത് ദിസ്ദാര്‍ പറഞ്ഞു. മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി സ്‌കൂള്‍ അധികൃതരും അറിയിച്ചു. ''വലിയ നഷ്ടമാണ് സ്‌കൂളിന് സംഭവിച്ചത്. അത് വാക്കാല്‍ വിവരിക്കാന്‍ കഴിയുന്നതല്ല.'' സ്‌കൂളിന്റെ പേരിലുള്ള സമൂഹമാധ്യമത്തില്‍ അധികൃതര്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.