കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പാത ദീര്‍ഘിപ്പിക്കലിന് കേന്ദ്രത്തിന്റെ അനുമതി. കൊച്ചി മെട്രോ കലൂരില്‍ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു.

കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ഇപ്പോള്‍ കേന്ദ്രമന്ത്രിസഭാ യോഗം പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തതോടെ കലൂര്‍-കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും. പണമില്ലാത്തതിനാല്‍ നാലില്‍ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് .പദ്ധതി തുടങ്ങാന്‍ വൈകിയതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്ന നിര്‍മാണ ചെലവിനേക്കാള്‍ ഇനി ചെലവ് എത്രകൂടുമെന്നാണ് അറിയേണ്ടത്.

കലൂര്‍ സ്റ്റേഡിയം-പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി റോഡ് വഴി ഇന്‍ഫോപാര്‍ക്ക് വരെ നീളുന്നതാണ് നിര്‍ദിഷ്ട കലൂര്‍ - ഇന്‍ഫോപാര്‍ക്ക് പാത.

കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോള്‍ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്ര ക്യാബിനറ്റ് അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്. വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി പിന്നാലെ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നല്‍കി.

കലൂര്‍ മുതല്‍ കാക്കനാട് വരെ 11.2 കിലോമീറ്റര്‍ നീളം വരുന്നതാണ് പുതിയ പാത. ഡിഎംആര്‍സിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിര്‍മാണം നിര്‍വഹിക്കുക. പതിനൊന്നു സ്റ്റേഷനുകളാണ് ഉണ്ടാവുക. 1950 കോടി രൂപയാണ് നേരത്തെയുള്ള കണക്ക് പ്രകാരം പദ്ധതിക്ക്  ചെലവാകുക. എന്നാല്‍ ഇത് നീണ്ടു പോയതിനാല്‍ തുകയിലും മാറ്റം വരും.

കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുന്ന പദ്ധതിക്കായി തുക അനുവദിക്കുന്നത് വൈകുമോയെന്നാണ് ഇനി ആശങ്ക. പദ്ധതി പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്നതും വ്യക്തമാകാനുണ്ട്. സംസ്ഥാനം സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയെങ്കിലും പണമില്ലാത്തതിനാല്‍ ഏറ്റെടുക്കാനുള്ള നാല് വില്ലേജുകളില്‍ രണ്ടെണ്ണത്തിന്റെ മാത്രമാണ് ഭൂമി ഇത് വരെ കൈമാറിയത്.

കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി. 226 ഭൂ ഉടമകള്‍ക്കായി 132 കോടി രൂപ നല്‍കി. പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്.

കടയുടമകള്‍ക്കും വാടകക്കാര്‍ക്കുമുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുന്നതിലും ഇനി വേഗം കൂട്ടണം. അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്‍ഫോപാര്‍ക്കില്‍ മെട്രോ എത്തിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ആലുവ തുടങ്ങി എസ്.എന്‍ ജംഗ്ഷന്‍ വരെ നിലവില്‍ 24 സ്റ്റേഷനുകളിലായി 27 കിലോമീറ്ററാണ് മെട്രോ ഓടിയെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.