എലിസബത്ത് രാജ്ഞി അന്തരിച്ചു; കണ്ണീരോടെ ബ്രിട്ടൻ

എലിസബത്ത് രാജ്ഞി അന്തരിച്ചു; കണ്ണീരോടെ ബ്രിട്ടൻ

ലണ്ടന്‍: ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഇന്ന് രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.



ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ(ഡ്യൂക്ക് ഓഫ് യോര്‍ക്ക്)യും എലിസബത്ത് രാജ്ഞി(ഡച്ചസ് ഓഫ് യോര്‍ക്ക്)യുടെയും മകളായാണ് ജനനം. 

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് രാജ്ഞി ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. തുടര്‍ച്ചയായി 70 വര്‍ഷമാണ്‌ അധികാരത്തിലിരുന്നത്. ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങള്‍ മുഴുവന്‍ നടന്നത് രാജ്ഞിയുടെ കാലത്തായിരുന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് രാജ്ഞിയുടെ ഭര്‍ത്താവ്. 1947-നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍. 1997-ല്‍ കാര്‍ അപകടത്തില്‍ മരിച്ച ഡയാന സ്‌പെന്‍സര്‍, ചാള്‍സ് രാജകുമാരന്റെ ആദ്യ ഭാര്യയായിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സ്, കാമില പാര്‍ക്കറെ വിവാഹം ചെയ്തു.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്‌ലന്‍ഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ വിന്റ്‌സര്‍ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വര്‍ഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയില്‍ ലിസ് ട്രസടക്കം 15 പ്രധാനമന്ത്രിമാരെ നിയമിക്കാന്‍ കഴിഞ്ഞു.

രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിന് പേര്‍ പ്രാര്‍ഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിലൂടെ അന്ത്യാഞ്ജലികള്‍ പ്രവാഹിച്ചുതുടങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.