വത്തിക്കാൻ: എലിസബത്ത് രാജ്ഞിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും ഫ്രാൻസിസ് മാർപാപ്പ. രാജ്ഞിയുടെ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവരോടുമൊപ്പം രാജ്ഞിയുടെ നിത്യവിശ്രാന്തിക്കായി പ്രാർത്ഥിക്കാൻ താനും പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി.
‘രാജ്ഞിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രാജകുടുംബാംഗങ്ങളെയും അതോടൊപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും ജനങ്ങളെയും എന്റെ അനുശോചനം അറിയിക്കുന്നു’ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ രാജാവിന് അയച്ച ടെലിഗ്രാം സന്ദേശത്തിൽ മാർപാപ്പ കുറിച്ചു.
രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസസാക്ഷ്യത്തെയും
രാജ്യത്തിന്റെയും കോമൺവെൽത്തിന്റെയും നന്മയ്ക്കുവേണ്ടി രാജ്ഞി നിർവഹിച്ച ശുശ്രൂഷകളെയും സന്ദേശത്തിൽ മാർപാപ്പ പ്രകീർത്തിച്ചു.
‘രാജാവെന്ന നിലയിൽ തന്റെ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ സർവശക്തനായ ദൈവം തന്റെ അക്ഷയമായ കൃപയാൽ അദ്ദേഹത്തെ താങ്ങിനിർത്തട്ടെ. ഇതിനായി എന്റെ പ്രാർത്ഥനയും ഞാൻ വാദ്ഗാനം ചെയ്യുന്നു.’ രാജസ്ഥാനം എറ്റെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന സന്ദേശത്തിൽ മാർപാപ്പ കുറിച്ചു.
ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയ എലിസബത്ത് രാജ്ഞിയുടെ (96) വിയോഗം സെപ്തംബർ എട്ടിനായിരുന്നു. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായി അവരോധിതയായ എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് രാജപദവിയിലെത്തിയ 10-ാമത്തെ വ്യക്തിയാണ്.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പാപ്പമാരെ സന്ദർശിച്ച രാജ്ഞി എന്ന അപൂർവ ഭാഗ്യത്തിന് ഉടമകൂടിയാണ് എലിസബത്ത് രാജ്ഞി. പിയൂസ് 12-മൻ, ജോൺ 23-ാമൻ, ബെനഡിക്ട് ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് 16-ാമൻ, ഫ്രാൻസിസ് എന്നീ പാപ്പമാരുമായാണ് രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.