വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി എറണാകുളത്ത് ഇന്ന് 17 കിലോ മീറ്റര്‍ മനുഷ്യച്ചങ്ങല; 17000 പേര്‍ അണി നിരക്കും

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി എറണാകുളത്ത് ഇന്ന് 17 കിലോ മീറ്റര്‍ മനുഷ്യച്ചങ്ങല; 17000 പേര്‍ അണി നിരക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും. കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണ് മനുഷ്യച്ചങ്ങല. വൈകീട്ട് നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

വിഴിഞ്ഞം തുറമുഖം വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുനല്‍കുക, എന്നീ ആവശ്യങ്ങളുമായാണ് മനുഷ്യച്ചങ്ങല. 17000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

അതേസമയം സമരം ഇന്ന് 26ാം ദിനത്തിലേക്ക് കടന്നു. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും ശക്തിപ്പെടുകയാണ്. ഇത് ആറ് ദിവസം പിന്നിട്ടു. മൂന്ന് വൈദികരും മൂന്ന് അല്‍മായരുമാണ് ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേര്‍ന്നിരുന്നു.

മൂലമ്പിള്ളിയും ചെല്ലാനവും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തിരുവോണ നാളിലും വിഴിഞ്ഞം സമരം സജീവമായിരുന്നു. ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ തിരുവോണ നാളില്‍ സമരമുഖത്ത് തുടര്‍ന്നത്. ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച് സമരസാഹചര്യത്തെ പ്രതീകാത്മകമായി ആവിഷ്‌കരിച്ചു.

പൂന്തുറയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് തിരുവോണനാളില്‍ സമരം ഇരുന്നത്. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൊല്ലം രൂപതയും കഴിഞ്ഞ ദിവസം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം രംഗത്തു വന്നു. മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരമെന്ന് ഡോ.എം സൂസപാക്യം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.