'അളവുകള്‍ക്കപ്പുറമാണ് നഷ്ടബോധം': കന്നി പ്രസംഗത്തില്‍ അമ്മയെ അനുസ്മരിച്ച് ചാള്‍സ് രാജാവ്; ഔദ്യോഗിക രാജാധികാര കൈമാറ്റം ഇന്ന്

'അളവുകള്‍ക്കപ്പുറമാണ് നഷ്ടബോധം': കന്നി പ്രസംഗത്തില്‍ അമ്മയെ അനുസ്മരിച്ച് ചാള്‍സ് രാജാവ്; ഔദ്യോഗിക രാജാധികാര കൈമാറ്റം ഇന്ന്

ലണ്ടന്‍: 70 വര്‍ഷത്തെ ഭരണത്തിന് ശേഷം അന്തരിച്ച എലിസബത്ത് രാജ്ഞിയെ തന്റെ കന്നിപ്രസംഗത്തില്‍ അനുസ്മരിച്ച് ചാള്‍സ് രാജാവ്. അളവുകള്‍ക്കപ്പുറമാണ് നഷ്ടബോധമെന്ന് പറഞ്ഞ ചാള്‍സ് എലിസബത്ത് രാജ്ഞിയെ പോലെ ജനസേവനത്തിനായി തന്റെ ജീവിതവും സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

''അമ്മയുടെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു, അവരുടെ സേവന ജീവിതത്തെ ഞാന്‍ ബഹുമാനിക്കുന്നു. മമ്മയുടെ മരണം നിരവധി പേര്‍ക്ക് ദുഃഖം നല്‍കുന്നുവെന്ന് എനിക്കറിയാം. നിങ്ങള്‍ക്കെന്നപോലെ എനിക്കും അളവറ്റ നഷ്ടമാണിത്''- പുതിയ രാജാവായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചാള്‍സ് വെള്ളിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ വികാരാധീതനായി.

''രാജ്ഞി അചഞ്ചലമായ ഭക്തിയോടെ ചെയ്തതുപോലെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ദൈവം എനിക്ക് അനുവദിക്കുന്ന ശേഷിക്കുന്ന സമയത്തിലുടനീളം പ്രയ്തനിക്കുമെന്ന് ഞാനും ആത്മാര്‍ത്ഥമായി പ്രതിജ്ഞ ചെയ്യുന്നു''- ചാള്‍സ് പറഞ്ഞു.

''അഗാധമായ സങ്കടത്തോടെയാണ് നിങ്ങളോടു സംസാരിക്കുന്നത്. അമ്മ കുടുംബത്തില്‍ എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ അവര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ചവരോട് കുടുംബത്തിന്റെ പേരില്‍ നന്ദി അറിയിക്കുന്നു. പ്രിയപ്പെട്ട മമ്മ, എല്ലാറ്റിനും നന്ദി''- ചാള്‍സ് രാജാവ് അനുസ്മരിച്ചു.



''നിങ്ങള്‍ യുണൈറ്റഡ് കിംഗ്ഡത്തിലോ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലും എവിടെയായിരുന്നാലും, നിങ്ങളുടെ പശ്ചാത്തലവും വിശ്വാസങ്ങളും എന്തുതന്നെയായാലും, എന്റെ ജീവിതത്തിലുടനീളം എനിക്കുള്ളതുപോലെ വിശ്വസ്തതയോടും ബഹുമാനത്തോടും സ്നേഹത്തോടും കൂടി നിങ്ങളെ സേവിക്കാന്‍ ഞാന്‍ ശ്രമിക്കും.'' അദ്ദേഹം പറഞ്ഞു.

എലിസബത്ത് രാജ്ഞിയുടെ സമര്‍പ്പിതമായ ജീവിതത്തില്‍, പാരമ്പര്യത്തോടുള്ള അചഞ്ചലമായ സ്നേഹം ഞങ്ങള്‍ കണ്ടു. അത് ഞങ്ങളെ മഹത്തരമാക്കുന്നു. അവര്‍ പ്രചോദിപ്പിച്ച വാത്സല്യവും ആദരവും ബഹുമാനവും അവരുടെ ഭരണത്തിന്റെ മുഖമുദ്രയായി മാറി. എന്നാല്‍ രാജാവെന്ന നിലയിലുള്ള തന്റെ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രയധികം സംഭാവന നല്‍കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നി പ്രസംഗിത്തില്‍ ഭാര്യ കാമിലിയുടെ പിന്തുണ എടുത്തു പറഞ്ഞ ചാള്‍സ് മകന്‍ വില്യം നെ വെയില്‍സിന്റെ രാജകുമാരനായി നാമകരണം ചെയ്തു. 1958 ല്‍ ചാള്‍സ് ഈ പദവി അലങ്കരിച്ചതാണ്. ഇതോടെ വില്യം രാജകുമാരന്‍ ബ്രിട്ടീഷ് സിംഹാസനത്തിന്റെ അനന്തര അവകാശിയായി. അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ്ജ് രാജകുമാരനാണ് കിരീടാവകാശത്തിലെ നിലവിലെ ഏറ്റവും ഒടുവിലുള്ള കണ്ണി.

ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുറിയിലെ നീല ഡ്രോയിംഗ് റൂമില്‍ നിന്നാണ് അദ്ദേഹം പ്രസംഗം നടത്തിയത്. എലിസബത്ത് രാജ്ഞി അവരുടെ വാര്‍ഷിക ക്രിസ്മസ് സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചതും ഇതേ മുറിയിലാണ്. രാജാവിന്റെ പ്രസംഗം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയും സെന്റ് പോള്‍സ് കത്തീഡ്രലില്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു. ഏകദേശം 2,000 ആളുകള്‍ രാജ്ഞിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. രാജ്യം 10 ദിവസത്തെ ദുഃഖാചരണത്തിലാണ്.



ഔദ്യോഗികമായി അല്ലെങ്കില്‍പ്പോലും രാജ്ഞിയുടെ മരണത്തോടെ രാജാവായി മാറിയ ചാള്‍സ് ഇന്നലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പ്രവേശിച്ചത് രാജകീയ പരിവേഷത്തോടെയായിരുന്നു. കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടിയ ജനത്തെ കൈവീശി അഭിസംബോധന ചെയ്ത ശേഷം കൊട്ടാരത്തിലേക്ക് കയറിയപ്പോള്‍ രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് പകുതി താഴ്ത്തി പറന്നിരുന്ന ബ്രിട്ടീഷ് പതാകയ്ക്ക് പകരം റോയല്‍ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ന്നു. ഇത് രാജാവ് ഇപ്പോള്‍ വസതിയിലാണെന്ന് സൂചിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ചിഹ്നമാണ്.

തുടര്‍ന്ന് ബ്രിട്ടീഷ് രാജാക്കന്മാര്‍ പതിവായി നടത്തുന്ന ആഴ്ച്ചവട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി നിലവിലെ പ്രധാനമന്ത്രി ലിസ് ട്രസുമായി സംസാരിച്ചു. എലിസബത്ത് രാജ്ഞി വാഴിക്കുന്ന 15-ാമത് പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ഇവര്‍ ഔദ്യോഗികമായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം.

ലണ്ടനിലെ സെന്റ് ജെയിംസ് പാലസിലെ സ്റ്റേറ്റ് അപ്പാര്‍ട്ടുമെന്റില്‍ യുകെ സമയം ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് ചാള്‍സിനെ രാജാവായി പ്രഖ്യാപിക്കുന്ന ചടങ്ങ്. ബ്രിട്ടീഷ് പ്രധാനമന്ത്രി, രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 700 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 1952 ഫെബ്രുവരി എട്ടിന് എലിസബത്ത് രാജ്ഞിയുടെ കിരീടാവകാശ പ്രഖ്യാപന ചടങ്ങില്‍ 200 ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

എലിസബത്ത് രാജ്ഞിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ് ചടങ്ങളിലെ ആദ്യ നടപടി. തുടര്‍ന്ന് ചാള്‍സിനെ പുതിയ രാജാവായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വായിക്കും. രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി, കാന്റര്‍ബറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുന്നതോടെ ചാള്‍സ് ഔദ്യോഗികമായി രാജാവാകും.



തുടര്‍ന്ന്, സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ ഫ്രയറി കോര്‍ട്ടിന് മുകളിലുള്ള ബാല്‍ക്കണിയായ പ്രൊക്ലമേഷന്‍ ഗാലറിയില്‍ നിന്ന് താല്‍കാലിക രാജാധികാര ചുമതല വഹിക്കുന്ന ഡേവിഡ് വൈറ്റ് വിളംബരം വായിക്കും. പ്രഖ്യാപനത്തോടൊപ്പം ഗണ്‍ സല്യൂട്ട് ഉണ്ടായിരിക്കും. ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും സഭകളെ ഒന്നിപ്പിക്കുന്ന പ്രതിജ്ഞയെടുക്കുന്നതോടെ ചാള്‍സ് ഔദ്യോഗികമായി രാജാവാകും. പ്രവേശന പ്രഖ്യാപനം എന്നാണ് ഇത് അറിയപ്പെടുന്നത്. 1714 ല്‍ ജോര്‍ജ്ജ് ഒന്നാമന്‍ രാജാവ് മുതലുള്ള പാലിച്ചുപോരുന്ന പാരമ്പര്യമാണിത്.

തുടര്‍ന്ന് ലണ്ടനിലെ മാന്‍ഷന്‍ ഹൗസിലും എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ്, കാര്‍ഡിഫ് എന്നിവിടങ്ങളിലും പ്രഖ്യാപനം പരസ്യമായി വായിക്കും. ഓസ്ട്രേലിയയില്‍ ഗവര്‍ണര്‍ ജനറല്‍ ഞായറാഴ്ച കാന്‍ബെറയിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഇത് വായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.