രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഓസ്‌ട്രേലിയ പരമാധികാര റിപ്പബ്ലിക്ക് ആകണമെന്ന ആവശ്യം ശക്തമാകുന്നു

രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഓസ്‌ട്രേലിയ പരമാധികാര റിപ്പബ്ലിക്ക് ആകണമെന്ന ആവശ്യം ശക്തമാകുന്നു

സിഡ്‌നി: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ഓസ്‌ട്രേലിയയെ എല്ലാ അര്‍ത്ഥത്തിലും പരമാധികാര റിപ്പബ്ലിക്ക് ആക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 1,000 വര്‍ഷമായി പാലിച്ചുപോരുന്ന രാജ്യത്തിന്റെ രാജവാഴ്ചാ ബന്ധം അവസാനിപ്പിക്കുന്നത് ഇനിയെങ്കിലും ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് റിപ്പബ്ലിക്കനായ ഗ്രീന്‍സ് നേതാവ് ആദം ബാന്‍ഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സമയമാണിതെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസി തിരുത്തി.

ബ്രിട്ടണിന്റെ രാജവാഴ്ച്ച അംഗീകരിക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ആചാരമായാണെങ്കില്‍പ്പോലും ഓസ്ട്രേലിയയിലെ രാഷ്ട്രത്തലവനാണ് ബ്രിട്ടീഷ് രാജാവ്. അല്ലെങ്കില്‍ രാജ്ഞി. നിലവില്‍ ഓസ്‌ട്രേലിയയില്‍ പ്രചാരത്തിലുള്ള നാണയങ്ങളില്‍ എലിസബത്ത് രാജ്ഞിയുടെ ചിത്രമുണ്ട്. നാണയങ്ങളില്‍ മാത്രമല്ല അഞ്ച് രൂപ ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ടിലും അവരുടെ ചിത്രമുണ്ടായിരുന്നു. ദേശീയ ഗാനത്തില്‍പോലുമുണ്ട് രാജവാഴ്ച്ചയോടുള്ള വിധേയത്വം. ഇവയിലൊക്കെ മാറ്റം വേണമെന്നാണ് ഓസ്‌ട്രേലിയന്‍ ഒരു വിഭാഗം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഏറെക്കാലമായുള്ള ആവശ്യം.

രാജവാഴ്ച്ചയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന ചര്‍ച്ചകള്‍ ശക്തമായതോടെ 1999 ല്‍ ഓസ്ട്രേലിയയെ റിപ്പബ്ലിക്ക് ആകാനുള്ള ഹിതപരിശോധന നടന്നിരുന്നു. എന്നാല്‍ 55 ശതമാനം വോട്ടര്‍മാര്‍ എതിര്‍ത്തതോടെ അതു പരാജയപ്പെട്ടു. പിന്നീട് ഇതിനെ എലിസബത്ത് രാജ്ഞി തന്നെ പിന്തുണച്ചു. ഓസ്ട്രേലിയയുടെ പരമാധികാര റപ്പബ്ലിക്ക് രാജ്യവും ജനതയുമാണ് തീരുമാനിക്കേണ്ടതെന്ന് എലിസബത്ത് രാജ്ഞി പ്രതികരിച്ചിരുന്നു.

രാജ്ഞിയുടെ മരണത്തിന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ ഓസ്‌ട്രേലിയയെ പരമാധികാര റിപ്പബ്ലിക്ക് രാജ്യമാക്കണമെന്ന ആവശ്യം പല കോണില്‍ നിന്ന് ഉയര്‍ന്നത് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിയൊരുക്കി. ''ഓസ്‌ട്രേലിയ ഒരു റിപ്പബ്ലിക്ക് ആകേണ്ടതുണ്ട്'' എന്ന് ആദം ബാന്‍ഡ് ട്വിറ്ററില്‍ കുറിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ എത്തി. മറ്റൊരു റിപ്പബ്ലിക്കനായ ഗ്രീന്‍സ് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയും ഇതിനോട് അനുകൂലിച്ചു. രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആക്കാനുള്ള ഭരണഘടനാ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു.

അതേ സമയം റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ പോലും ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. ആവശ്യം ന്യായമാണെങ്കിലും ഉന്നയിച്ചത് അനുചിതമായ സമയത്തായെന്ന് ഒരു വിഭാഗം റിപ്പബ്ലിക്കന്മാര്‍ പറഞ്ഞു. രാജ്ഞിയുടെ മരണത്തില്‍ ദുഖിക്കേണ്ട ഈ സമയത്ത് ഇത്തരം വിഷയങ്ങളിലേക്ക് ചര്‍ച്ച വഴിതിരിച്ചുവിടുന്നത് അനാദരവാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. മുന്‍ ലിബറല്‍ ഇമിഗ്രേഷന്‍ മന്ത്രി അലക്‌സ് ഹോക്ക് ബാന്‍ഡയനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. ലിബറല്‍ നാഷണല്‍ സെനറ്റര്‍ മാറ്റ് കാനവനും ഭിന്നസ്വരം ഉയര്‍ത്തിയവരില്‍ പ്രധാനിയാണ്.

ഓസ്‌ട്രേലിയയുടെ പരമാധികാര റിപ്പബ്ലിക്കിനു വേണ്ടി നിലകൊള്ളുന്ന ഓസ്ട്രേലിയന്‍ റിപ്പബ്ലിക് മൂവ്മെന്റും വിഷയം ഏറ്റുപിടിച്ചില്ല. പകരം രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണുണ്ടായത്. എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് ഓസ്ട്രേലിയന്‍ റിപ്പബ്ലിക് മൂവ്മെന്റിന്റെ ദേശീയ ചെയര്‍മാന്‍ പീറ്റര്‍ ഫിറ്റ്സ്സൈമണ്‍സ് പറഞ്ഞു. ഓസ്ട്രേലിയ റിപ്പബ്ലിക്കായി മാറുന്നതിനോട് വളരെക്കാലമായി പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും ആദം ബാന്‍ഡിന്റെ അഭിപ്രായത്തെ തിരുത്തി.

രാജ്ഞിയുടെ മരണ സന്ദര്‍ഭത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്ന് അല്‍ബനീസി പറഞ്ഞു. എല്ലാ ഓസ്ട്രേലിയക്കാരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്ന ഒരാളായാണ് രാജ്ഞിയെ കാണുന്നത്. എഴുപത് വര്‍ഷക്കാലം ഓസ്‌ട്രേലിയയുടെ രാഷ്ട്രത്തലവനായി സേവനം ചെയ്തതിന് നന്ദി പറയാനും വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമുള്ള സമയമാണിതെന്നും റേഡിയോ നാഷണലിന് നല്‍കിയ പ്രതികരണത്തില്‍ അല്‍ബനീസി പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസീലന്‍ഡ്, കാനഡ എന്നിവിടങ്ങളിലും സ്വതന്ത്ര റിപ്പബ്ലിക്കിനുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കാനഡയും ന്യൂസീലന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ ആല്‍ബനീസി സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിപ്പബ്ലിക്കായി മാറുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍യി മാറ്റ് തിസില്‍വെയ്റ്റ് എന്ന മന്ത്രിക്കു കീഴില്‍ പ്രത്യേക വിഭാഗവും രൂപവല്‍ക്കരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26