സിന്ഡി: ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതവിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ മാനസികവും ശാരീരികവുമായ ഉപദ്രവം നേരിടുന്നതായി പഠനറിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണ്ടെത്തലുണ്ടായത്. ക്രിസ്ത്യന്‍, ജൂത, ഹിന്ദു വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെല്ലാം തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഡ്നി സര്‍വകലാശാലയിലെ അക്കാദമിക് പ്രൊഫസര്‍ എമറിറ്റ സൂസെന്‍ റട്ട്ലാന്‍ഡും ഇസ്രായേലിലെ ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സെഹാവിറ്റ് ഗ്രോസും ചേര്‍ന്നു നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും കുടുംബങ്ങളുമായും നടത്തിയ നിരവധി അഭിമുഖങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. സിഡ്നി, മെല്‍ബണ്‍ എന്നീ തലസ്ഥാന നഗരങ്ങളിലാണ് കുട്ടികളെ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ കൂടുതലുള്ളത്.
നടപടിയെടുക്കാതെ സ്‌കൂള്‍ അധികൃതര്‍
കളിയാക്കലുകള്‍ ഭയന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവിശ്വാസം മറച്ചുവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെടുന്നത് തിരിച്ചറിഞ്ഞാലും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും മറ്റ് തലപ്പത്തുള്ളവരും കണ്ണടയ്ക്കുകയോ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നതായും ഗവേഷകര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതപരമായ അവഹേളനം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ചോദ്യമാണുയരുന്നത്. ഇത്തരം സംഭങ്ങളെ നാം അവഗണിക്കുകയും നിരസിക്കുകയുമാണോ വേണ്ടത്, അതോ പ്രൊഫഷണലായി നേരിടുകയാണോ ചെയ്യേണ്ടതെന്ന് വിലയിരുത്തണമെന്ന് പ്രൊഫസര്‍ സെഹാവിത്തിനെ ഉദ്ധരിച്ച് കാത്തലിക് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയതായി സെഹാവിത്ത് പറഞ്ഞു.
പ്രൊഫ. സെഹാവിറ്റ് ഗ്രോസ്, പ്രൊഫ. എമറിറ്റ സൂസെന്‍ റട്ട്‌ലാന്‍ഡ്
മുതിര്‍ന്നവര്‍ ഇത്തരം സംഭവങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുട്ടികള്‍ നേരിടുന്ന ഈ പ്രശ്‌നത്തില്‍ വിശദീകരണം ചോദിച്ച് തങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മാതാപിതാക്കള്‍ എന്നിവരെ സമീപിച്ചെങ്കിലും അവരെല്ലാം ഇത് നിഷേധിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുഃശീലങ്ങള്‍ക്ക് അടിമപ്പെടാത്ത, ക്രൈസ്തവ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥികളാണ് വാക്കാലും ശാരീരികമായുമുള്ള ഉപദ്രവങ്ങള്‍ കൂടുതല്‍ നേരിടുന്നത്. ഹൈസ്‌കൂള്‍ ക്ലാസുകളിലാണ് ഈ പ്രശ്‌നം കൂടുതലായുള്ളത്.
പരമ്പരാഗതമായി യഹൂദ പുരുഷന്മാരും ആണ്‍കുട്ടികളും തലയില്‍ ധരിക്കുന്ന കിപ്പ കീറിയെറിഞ്ഞാണ് ജൂത വിദ്യാര്‍ഥികളോടുള്ള പ്രതിഷേധം തീര്‍ക്കുന്നത്.
അടുത്തിടെ വിക്‌ടോറിയയിലെ ബ്രൈറ്റണ്‍ സെക്കന്‍ഡറി കോളജില്‍ ജൂത വിദ്യാര്‍ഥികള്‍ക്കു നേരേ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും സ്‌കൂളിനുമെതിരേ ജൂത വിദ്യാര്‍ഥികള്‍ വിക്ടോറിയന്‍ ഫെഡറല്‍ കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിനു പുറമേ മതവിശ്വാസത്തിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തലും നാസി പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുള്ള അപമാനിക്കലും കുട്ടികള്‍ നേരിടേണ്ടി വന്നു.
ഇത്തരം മാനസികവും ശാരീരികവുമായ പീഡനം കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത് സമൂഹത്തില്‍ വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നതായും മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക സമീപനം പുലര്‍ത്തുന്നതാണ് കൂടുതല്‍ അപകടമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലാസ് മുറികളിലും കളിസ്ഥലങ്ങളിലും ശുചിമുറികളില്‍ പോലും കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ അപമാനിക്കപ്പെടുന്നു.
മതവിശ്വാസത്തെ തെറ്റായി കാണുന്ന നിരവധി ലിബറല്‍, സെക്യുലറിസ്റ്റുകള്‍ സമൂഹത്തിലുണ്ട്.
ഓസ്ട്രേലിയന്‍ സ്‌കൂളുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെയും മതപരമായ വിവേചനത്തെയും ചെറുക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.
ശുചിമുറിയില്‍ പോലും രക്ഷയില്ല
ഇന്ത്യയില്‍ നടക്കുന്ന ഹൈന്ദവ വിവാഹങ്ങളുടെ പേരിലും നെറ്റിയില്‍ പൊട്ടു കുത്തുന്നതിന്റെ പേരിലും ഹൈന്ദവ വിദ്യാര്‍ഥികള്‍ കളിയാക്കലുകള്‍ നേരിടുന്നു. മെല്‍ബണില്‍ അടുത്തിടെ അഞ്ച് വയസുകാരനെ ശുചിമുറിയില്‍ വച്ച് 'വൃത്തികെട്ട ജൂതന്‍' എന്നു വിളിച്ച സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സംഭവത്തില്‍ മാനസികമായി തളര്‍ന്ന കുട്ടി ശുചിമുറിയില്‍ പോകാതെ ക്ലാസ് മുറിയില്‍ മൂത്രമൊഴിക്കുന്നത് പതിവായി. തുടര്‍ന്ന് കുട്ടിക്ക് പ്രത്യേകം ടോയ്‌ലെറ്റ് അനുവദിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധ്യാപകര്‍ തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നു മാറ്റി സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു.
സിഡ്നിയിലെ പല ഹൈസ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 മാര്‍ച്ചില്‍ ഒരു ജൂത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് അവന്‍ ഗ്യാസ് ചേമ്പറില്‍ മരിക്കേണ്ടതായിരുന്നു' എന്ന് പറഞ്ഞ് ആേക്ഷപിച്ച സംഭവമുണ്ടായി. ഈ വംശീയ അധിക്ഷേപത്തിലും സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. ഇതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.