തിരിച്ചടിയില്‍ പതറി റഷ്യന്‍ സേനയുടെ പിന്മാറ്റം; തന്ത്രപ്രധാന നഗരങ്ങള്‍ ഉക്രെയ്ന്‍ തിരികെപിടിച്ചു

തിരിച്ചടിയില്‍ പതറി റഷ്യന്‍ സേനയുടെ പിന്മാറ്റം; തന്ത്രപ്രധാന നഗരങ്ങള്‍ ഉക്രെയ്ന്‍ തിരികെപിടിച്ചു

കീവ്: റഷ്യന്‍ സേന ആക്രമണത്തിലൂടെ പിടിച്ചെടുത്ത തന്ത്രപ്രധാന നഗരങ്ങള്‍ തിരികെപ്പിടിച്ച് ഉക്രെയ്ന്‍ മുന്നേറ്റം. ഉക്രെയ്ന്‍ സേനയുടെ പെട്ടെന്നുള്ള തിരിച്ചടിയില്‍ പതറിയ റഷ്യന്‍ സേന വടക്കുകിഴക്കന്‍ ഉക്രെയ്‌നിലെ പ്രധാന നഗരങ്ങള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി. ഖാര്‍കീവിലെ ഇസിയം, കുപിയാന്‍സ്‌ക് എന്നീ നഗരങ്ങളാണ് ഉക്രെയ്ന്‍ സേന തിരികെപിടിച്ചത്.

മാര്‍ച്ചില്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പിന്‍മാറിയതിനു ശേഷം റഷ്യന്‍ സൈന്യം നേരിടുന്ന വലിയ പരാജയമാണിത്. റഷ്യന്‍ സൈന്യം യുദ്ധോപകരണങ്ങളടക്കം സംഭരിച്ചിരുന്ന തന്ത്രപ്രധാന നഗരമാണ് ഇസിയം.

ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് വെടിമരുന്നുകളും ആയുധങ്ങളും ഉപേക്ഷിച്ച് ഇസിയം നഗരം വിട്ടത്. ആറു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഇത് നിര്‍ണായക വഴിത്തിരിവാണ്. ഡോണെറ്റ്‌സ്‌കും ലുഹാന്‍സ്‌കും അടങ്ങുന്ന തൊട്ടടുത്തുള്ള ഡോണ്‍ബാസ് മേഖലയില്‍ ആക്രമണം നടത്താനുള്ള താവളമായി റഷ്യ ഉപയോഗിച്ചത് ഇസിയത്തെയാണ്. റഷ്യന്‍ ആക്രമണത്തില്‍ നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായിരുന്നു.

റഷന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് സൈനികര്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇസിയത്തില്‍ നിന്ന് പിന്‍മാറി സമീപത്തെ ഡോണെറ്റ്‌സ്‌കില്‍ എവിടെ നിന്നെങ്കിലും ആക്രമണം നടത്താനാണ് ഉത്തരവ്. അതേസമയം പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കാനാണ് ഈ പിന്മടക്കം എന്നാണ് റഷ്യയുടെ നിലപാട്.

വടക്കുകിഴക്കന്‍ ഉക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ എത്തിക്കുന്ന ഏക റെയില്‍വേ ഹബ്ബായ കുപിയാന്‍സ്‌ക് നഗരം ഉക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസിയത്തില്‍ നിന്നുള്ള റഷ്യയുടെ പിന്‍മാറ്റം.

ഈ മാസം ആദ്യം റഷ്യക്കെതിരായ പ്രത്യാക്രമണം ആരംഭിച്ചതിനുശേഷം ഉക്രെയ്ന്‍ സൈന്യം ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം റഷ്യന്‍ അധീനതയില്‍ നിന്ന് മോചിപ്പിച്ചുവെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലിന്‍സ്‌കി അവകാശപ്പെട്ടു.

ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ തങ്ങളുടെ കൈയിലായ പ്രദേശങ്ങളാണ് ഇപ്പോള്‍ റഷ്യയ്ക്ക് നഷ്ടമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.