ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക ജേതാക്കള്‍

ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക ജേതാക്കള്‍

ദുബായ്‌: പാകിസ്ഥാനെതിരെ ആധികാരിക ജയത്തോടെ ഏഷ്യാന്‍ കിരീടം ശ്രീലങ്ക ഉയര്‍ത്തി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയം. ഭാനുക രജപക്‌സയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 

അടുത്തമാസം നടക്കുന്ന ട്വന്റി20 ലോകകപ്പിന്‌ ലങ്കയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ ഒരുങ്ങാം.  ഏഷ്യാകപ്പിൽ ലങ്ക നേടുന്ന ആറാം കിരീടമാണിത്. ഒടുവിൽ 2014 ലും പാകിസ്ഥാനെ തോൽപ്പിച്ചാണ്‌ ജേതാക്കളായത്‌. എട്ടു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മുൻ ലോക ചാമ്പ്യൻമാർ ഒരു പ്രധാന ടൂർണമെന്റ്‌ ജയിക്കുന്നത്‌. സ്‌കോർ: ശ്രീലങ്ക 6–170, പാകിസ്ഥാൻ 147.

ട്വന്റി20 ഫൈനലിൽ ലങ്ക ഉയർത്തിയ 171 റൺ ലക്ഷ്യം നേടാനാകാതെ പാകിസ്ഥാൻ അവസാന പന്തിൽ അവസാനിപ്പിച്ചു. ബാറ്റും പന്തും സമർഥമായി ഉപയോഗിച്ച ലങ്കക്കാർ ഫീൽഡിലും തിളങ്ങി. ഒന്നിനൊന്ന്‌ മികച്ച ക്യാച്ചുകൾ വിജയമൊരുക്കി. നാല്‌ വിക്കറ്റെടുത്ത പേസർ പ്രമോദ്‌ മധുഷനും മൂന്ന്‌ വിക്കറ്റ്‌ നേടിയ സ്‌പിന്നർ വണീന്ദു ഹസരങ്കയുമാണ്‌ പാകിസ്ഥാനെ തകർത്തത്‌. ഓപ്പണർ മുഹമ്മദ്‌ റിസ്വാനും (55) ഇഫ്‌തിഖർ അഹമ്മദിനും (32) മാത്രമാണ്‌ പിടിച്ചു നിൽക്കാനായത്‌.

ഏഴ്‌ വിക്കറ്റ്‌ കൈയിലിരിക്കെ അവസാന അഞ്ച്‌ ഓവറിൽ ജയിക്കാൻ പാകിസ്ഥാന്‌ വേണ്ടിയിരുന്നത്‌ 70 റൺസ്. പതിനേഴാം ഓവർ എറിഞ്ഞ ഹസരങ്കയാണ്‌ കളി തിരിച്ചത്‌. രണ്ട്‌ റൺമാത്രം വഴങ്ങി റിസ്വാൻ അടക്കം മൂന്നുപേരെ പുറത്താക്കി. 46 റണ്ണെടുക്കുന്നതിനിടെ പാകിസ്ഥാന്‌ അവസാന ഏഴ്‌ വിക്കറ്റുകൾ നഷ്‌ടമായി. 

അഞ്ചാമനായി ഇറങ്ങിയ ഭാനുക രജപക്‌സയാണ്‌  ശ്രീലങ്കയ്‌ക്ക്‌ മികച്ച സ്‌കോർ സമ്മാനിച്ചത്‌. രജപക്‌സ 45 പന്തിൽ 71 റണ്ണുമായി പുറത്താകാതെനിന്നു. ആറ്‌ ഫോറും മൂന്ന്‌ സിക്‌സറും പിറന്ന തകർപ്പൻ ഇന്നിങ്സ്‌. ടോസ്‌ നഷ്ടപ്പെട്ട്‌  ഇറങ്ങിയ ദ്വീപുകാർക്ക്‌ ആദ്യ ഓവറിൽത്തന്നെ ആഘാതമേറ്റു. നസീം ഷായുടെ തീപ്പന്തിൽ ഓപ്പണർ കുശാൽ മെൻഡിസ്‌ (0) വീണു. പതും നിസങ്കയും (8) ധനുഷ്‌ക ഗുണതിലകയും (1) മടങ്ങിയതോടെ ലങ്ക 5.1 ഓവറിൽ 3–36 ആയി. പിന്നീട്‌ 4–53, 5–58 സ്‌കോറുകളിലേക്ക്‌ കൂപ്പുകുത്തി.

പിന്നീട് ധനഞ്‌ജയ ഡിസിൽവയും (-28) വണീന്ദു ഹസരങ്കയും (36) സ്‌കോർ ഉയർത്തി. ആറാം വിക്കറ്റിൽ രജപക്‌സയും വണീന്ദുവും ചേർന്ന്‌ 58 റണ്ണടിച്ചു. ഏഴാം വിക്കറ്റിൽ ചാമിക കരുണരത്‌നെ ഒപ്പംചേർന്നു. 14 പന്തിൽ 14 റണ്ണുമായി പുറത്താകാതെ രജപക്‌സയെ പിന്തുണച്ചു. പാകിസ്ഥാനുവേണ്ടി പേസർ ഹാരിസ്‌ റൗഫ്‌ മൂന്നു വിക്കറ്റെടുത്തു. പ്രമുഖരില്ലാതെ, പുതുനിരയുമായി എത്തിയ ദാസുൺ ഷനക നയിച്ച ടീം കപ്പ്‌ നേടുമെന്ന്‌ ആരും കരുതിയതല്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.