യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധി: ഈഫല്‍ ടവറിലെ ലൈറ്റുകള്‍ ഒരു മണിക്കൂര്‍ നേരത്തെ അണയ്ക്കും

യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധി: ഈഫല്‍ ടവറിലെ ലൈറ്റുകള്‍ ഒരു മണിക്കൂര്‍ നേരത്തെ അണയ്ക്കും

പാരിസ്: ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഈഫല്‍ ടവറിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി ഊര്‍ജ ക്ഷാമം. പാരീസിന്റെ മുഖമുദ്രയായി പുലര്‍ച്ചെ ഒരു മണി വരെ ദീപാലങ്കാരത്താല്‍ തിളങ്ങിനില്‍ക്കുന്ന ഈ ലോകാദ്ഭുതം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം കടുത്ത ഊര്‍ജ പ്രതിസന്ധിയിലാണ്. ഈഫല്‍ ടവറിലെ വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തെ അണയ്ക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് അധികൃതര്‍.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം മൂലം യൂറോപ്പ് കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് നേരിടുന്നത്. ഇനി മുതല്‍ അവസാന സന്ദര്‍ശകരും പോയിക്കഴിഞ്ഞ് രാത്രി 11.45 ന് വിളക്കുകള്‍ അണയ്ക്കാനാണ് തീരുമാനം. ഈ ആഴ്ച്ച പാരീസ് സിറ്റി ഹാള്‍ തീരുമാനം നടപ്പാക്കുമെന്നാണ് സൂചന. നഗരത്തിലെ ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിന് മാതൃകയാകുക എന്ന ലക്ഷ്യത്തോടെയാണ് നേരത്തെ വിളക്കുകള്‍ അണയ്ക്കുന്നത്.

20,000 ബള്‍ബുകളുടെ പിന്‍ബലത്തില്‍ പല വര്‍ണങ്ങളില്‍ തിളങ്ങുന്ന ഈഫല്‍ ഗോപുരം വ്യാഴാഴ്ച രാത്രി ഇരുട്ടിലാണ്ടിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തോടനുബന്ധിച്ചാണ് വിളക്കുകള്‍ നേരത്തെ അണച്ചത്.

ഊര്‍ജം മിതമായി എങ്ങനെ ഉപയോഗിക്കാം എന്ന അവബോധം പകരുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് ടവറിന്റെ മാനേജ്‌മെന്റ് മേധാവി ജീന്‍-ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് പറഞ്ഞു.

19-ാം നൂറ്റാണ്ടില്‍ പ്രശസ്ത വാസ്തുശില്പിയായ ഗുസ്താവ ഈഫലാണ് ഈഫല്‍ ടവര്‍ നിര്‍മിച്ചത്. കോവിഡ് ഭീതിയൊഴിഞ്ഞതോടെ പ്രതിദിനം 20000 പേരാണ് ടവര്‍ സന്ദര്‍ശിക്കുന്നത്.

നഗരത്തിലെ മറ്റ് പ്രധാന മന്ദിരങ്ങളിലെ വിളക്കുകളും രാത്രിയില്‍ അണയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. മാര്‍സെയിലിലെ ഫാറോ കൊട്ടാരം ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ സെപ്റ്റംബര്‍ അവസാനം മുതല്‍ ലൈറ്റുകള്‍ ഓഫ് ചെയ്യും.

ഈ വേനല്‍ക്കാലത്ത്, ജര്‍മനയിലെ ബെര്‍ലിനിലും വിക്ടറി കോളം, കൈസര്‍ വില്‍ഹെം മെമ്മോറിയല്‍ ചര്‍ച്ച്, ജൂത മ്യൂസിയം എന്നിവയുള്‍പ്പെടെ നിരവധി സ്മാരകങ്ങളില്‍ രാത്രിയിലെ വൈദ്യുതി ഉപയോഗം കുറച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.