തിരുവനന്തപുരം: തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് വിപുലമായ വാക്സിനേഷന്‍ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞം ഈ മാസം 20 ന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ യജ്ഞമാണ് അതില്‍ പ്രധാനം.
വാക്സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി.
തെരുവ് നായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് കാലത്ത് രൂപവല്‍കരിച്ച സന്നദ്ധ സേനയില്‍ നിന്ന് തല്‍പരരായ ആളുകള്‍ക്കും പരിശീലനം നല്‍കും. പരിശീലനത്തിന് വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടും. അതിന് അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒന്‍പതു ദിവസത്തെ പരിശീലനമാണ് നല്‍കുക.
അതിതീവ്ര വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ തെരുവ് നായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പു വരുത്താനാകും. കൂടാതെ അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുമതി തേടും. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.