തദ്ദേശീയരുടെ വേദനകള്‍ അഭ്രപാളിയില്‍ പകര്‍ത്തി; നടനും സംഗീതജ്ഞനുമായ അങ്കിള്‍ ജാക്ക് ഓര്‍മയായി

തദ്ദേശീയരുടെ വേദനകള്‍ അഭ്രപാളിയില്‍ പകര്‍ത്തി; നടനും സംഗീതജ്ഞനുമായ അങ്കിള്‍ ജാക്ക് ഓര്‍മയായി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തില്‍പെട്ട പ്രമുഖ നടനും സംഗീതജ്ഞനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അങ്കിള്‍ ജാക്ക് ചാള്‍സ് അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു വിടവാങ്ങല്‍. മെല്‍ബണിലെ റോയല്‍ ആശുപത്രിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മരണം.

ഓസ്‌ട്രേലിയയിലെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ആദ്യത്തെ നാടക സംഘത്തിന് മെല്‍ബണില്‍ രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു. നിമിഷാര്‍ദ്ധം കൊണ്ട് നാവില്‍ വിരിയുന്ന സരസമായ തമാശകളുടെ പേരിലാണ് അങ്കിള്‍ ജാക്ക് ചാള്‍സ് അറിയപ്പെട്ടിരുന്നത്.

അങ്കിള്‍ ജാക്കിന്റെ ജീവിതവും കലാരംഗത്തു നല്‍കിയ വിലയേറിയ സേവനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും വരുംകാലം ഓര്‍മിക്കത്തക്കവിധം യാത്രയയപ്പു നല്‍കുമെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിനേതാക്കള്‍ പറഞ്ഞു.

'തദ്ദേശീയ ജനതയുടെ മൂപ്പന്‍, നടന്‍, സംഗീതജ്ഞന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ഉപദേഷ്ടാവ് തുടങ്ങി ജീവിതത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയാണ് അങ്കിള്‍ ജാക്ക് യാത്രയായത്. വേദികളിലെ അസാധ്യമായ പ്രകടനത്തിലൂടെയും സ്വന്തം ജീവതത്തിലൂടെയും അങ്കിള്‍ ജാക്ക് ചാള്‍സ് എക്കാലവും തങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്ന് സഹോദരി ക്രിസ്റ്റീന ചാള്‍സ് പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട കലാ ജീവിതത്തിനിടെ, ഓസ്‌ട്രേലിയന്‍ സര്‍ക്കാരുകളുടെ നയസമീപനങ്ങള്‍ മൂലം തദ്ദേശീയ േഗാത്രവര്‍ഗ സമൂഹങ്ങള്‍ക്കുണ്ടായ വേദനകളുടെയും തിരസ്‌കരണങ്ങളുടെയും തിരിച്ചടികളുടെയും ചരിത്രമാണ് അങ്കിള്‍ ജാക്ക് വേദികളില്‍ നിറഞ്ഞാടിയത്.

1943-ല്‍ ജനിച്ച അങ്കിള്‍ ജാക്കിന്റെ ബാല്യം ഒട്ടും സുഖകരമായിരുന്നില്ല. ജനിച്ച് നാലു മാസത്തിനുള്ളില്‍തന്നെ അമ്മയില്‍നിന്നു വേര്‍പെട്ടു. നിരവധി സന്നദ്ധ സ്ഥാപനങ്ങളുടെ തണലിലായിരുന്നു ജീവിതം. കിഴക്കന്‍ മെല്‍ബണിലെ ബോയ്‌സ് ഹോമില്‍ കഴിയുമ്പോള്‍ ശാരീരികമായും ലൈംഗികമായും ചൂഷണം ചെയ്യപ്പെട്ടു. ഗോത്രവര്‍ഗങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്ന തരം മാനസിക പീഡനങ്ങള്‍ക്ക് അവിടെയുണ്ടായിരുന്നവര്‍ ഇരയായതായി അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

തന്റെ ബാല്യകാലം അത്രകണ്ടു ദുരിതപൂര്‍ണമായിരുന്നുവെന്ന് അടുത്തിടെ ഒരു ഡോക്യൂമെന്ററിയില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 19-ാം വയസില്‍ തന്നിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞതോടെ അങ്കിള്‍ ജോണിനു മുന്നില്‍ പുതുവഴികള്‍ തെളിഞ്ഞു.

1978-ല്‍ ഓസ്ട്രേലിയന്‍ നാടക ചലച്ചിത്രമായ ദി ചാന്റ് ഓഫ് ജിമ്മി ബ്ലാക്ക്സ്മിത്തില്‍ അഭിനയിച്ചതു ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് അതേവര്‍ഷം തന്നെ തീയറ്റര്‍ ഗ്രൂപ്പ് തുടങ്ങി. അദ്ദേഹത്തിന്റെ ബാല്യകാലം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി 2008-ല്‍ പുറത്തുവന്നിരുന്നു. കുട്ടിക്കാലത്തു നേരിട്ട മോശം അനുഭവങ്ങള്‍ എങ്ങനെ വര്‍ഷങ്ങളോളം മയക്കുമരുന്ന് അടിമത്തത്തിലേക്കു നയിച്ചെന്നും മോഷ്ടാവായതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് ഗ്രോത്രവര്‍ഗക്കാരായ തടവുകാര്‍ക്കു വേണ്ടി സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചതിനും കാലം സാക്ഷിയായി.

കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത്, പ്രതിരോധ വാക്‌സിനെ പിന്തുണച്ച് അങ്കിള്‍ ജാക്ക് പ്രചാരണം നടത്തിയത് രാജ്യാന്തര ശ്രദ്ധ നേടി. ജീവിതത്തിന്റെ അവസാനകാലത്തും അദ്ദേഹം സാമൂഹിക രംഗങ്ങളില്‍ സജീവമായുണ്ടായിരുന്നു.

വിക്‌ടോറിയയിലെയും ടാസ്മാനിയയിലെയും കൂടുതല്‍ തദ്ദേശീയ ഗോത്ര സമൂഹങ്ങളുമായുണ്ടായിരുന്ന കുടുംബവേരുകള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

എബിസി ടിവി സീരീസായ ക്ലെവര്‍മാനിലെ അഭിനയം ശ്രദ്ധനേടിയിരുന്നു. 2019-ല്‍ തന്റെ ഓര്‍മക്കുറിപ്പായ 'അങ്കിള്‍ ജാക്ക്: ബോണ്‍-എഗെയ്ന്‍ ബ്ലാക്‌ഫെല്ല' എന്ന പുസ്തകം പുറത്തിറങ്ങി. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഓസ്‌ട്രേലിയയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ വേദനകള്‍ സ്‌ക്രീനില്‍ പകര്‍ന്നാടിയ, അഞ്ചു പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനാണ് അങ്കിള്‍ ചാള്‍സിന്റെ മരണത്തോടെ തിരശ്ശീല വീഴുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.