മൂന്നാമതും ലാ നിന പ്രതിഭാസം ഓസ്‌ട്രേലിയയില്‍; അടുത്ത ആറ് മാസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

മൂന്നാമതും ലാ നിന പ്രതിഭാസം ഓസ്‌ട്രേലിയയില്‍; അടുത്ത ആറ് മാസങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

പെര്‍ത്ത്: പസിഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം തവണയും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ലാ നിന പ്രതിഭാസം വരുന്ന മാസങ്ങളില്‍ ശക്തി പ്രാപിച്ച് അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ സാധാരണ നിലയിലാകുമെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ മേഖലകളെ ദുരിതത്തിലാഴ്ത്തിയിരുന്നു. വീടുകള്‍ നശിച്ചത് ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണ് പലരും നേരിട്ടത്. ലാ നിന പ്രതിഭാസം രണ്ടു വര്‍ഷം തുടര്‍ച്ചയായി ഉണ്ടാകുന്നതു പതിവാണെങ്കിലും മൂന്നാം തവണ ആവര്‍ത്തിക്കുന്നത് അപൂര്‍വമാണ്. ലാ നിന പ്രതിഭാസത്തിലേക്കു നയിക്കുന്ന കാലാവസ്ഥാ മാറ്റം പസഫിക് സമുദ്ര മേഖലയില്‍ ശക്തി പ്രാപിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍.


മറ്റു രാജ്യാന്തര ഏജന്‍സികളും സമാനമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ ശരത്കാലത്ത് വടക്കു കിഴക്കന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളക്കൊപ്പവും കൊടുങ്കാറ്റും ഉണ്ടാവുമെന്നും 2023-ന്റെ തുടക്കത്തില്‍ സ്ഥിതി സാധാരണ നിലയിലാകുമെന്നുമാണ് നിഗമനം.

ഭൂമി ഇതിനകം നനഞ്ഞു കുതിര്‍ന്നിരിക്കുന്നതിനാലും നദികളും അരുവികളും അണക്കെട്ടുകളും നിറഞ്ഞിരിക്കുന്നതിനാലും വീണ്ടുമൊരു കനത്ത മഴ സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞയും ഗ്രിഫിത്ത് സര്‍വകലാശാലയിലെ ഗവേഷകയുമായ ഡോ. മാര്‍ഗരറ്റ് കുക്ക് അഭിപ്രായപ്പെടുന്നു.

ഇതിനു മുന്‍പ് 1954-57 കാലഘട്ടത്തിലും 1973-76, 1998-2001 വര്‍ഷങ്ങളിലും ലാ നിന പ്രതിഭാസം തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ട്.


ട്രിപ്പിള്‍ ലാ നിന പ്രതിഭാസത്തെതുടര്‍ന്ന് 1974 ജനുവരിയില്‍ ബ്രിസ്ബനില്‍ പ്രളയമുണ്ടായപ്പോള്‍

ലാ നിന പ്രതിഭാസം ഉണ്ടാകുമ്പോള്‍ കിഴക്കു പടിഞ്ഞാറന്‍ കാറ്റ് പസഫിക് മേഖലയില്‍ ശക്തിപ്പെടുമെന്നും ഇതുവഴി കൂടുതല്‍ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഓസ്‌ട്രേലിയയില്‍ മാത്രമല്ല തെക്കു കിഴക്കന്‍ ഏഷ്യയിലും കൂടുതല്‍ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളെ വരണ്ടതുമാക്കും.

കഴിഞ്ഞ രണ്ടു വര്‍ഷവും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായ മേഖലകളില്‍ ജനങ്ങള്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ വീടിനുണ്ടായ കനത്ത നാശനഷ്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും മൂന്നാമതും വെള്ളപ്പൊക്കമുണ്ടായാല്‍ അതു താങ്ങാനാകില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ രൂക്ഷമായ പ്രളയക്കെടുതി നേരിട്ട ലിസ്‌മോറില്‍ താമസിക്കുന്ന ഹാര്‍പ്പര്‍ ഡാല്‍ട്ടണ്‍ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി നശിച്ച വീടിന്റെ അറ്റകുറ്റപ്പണി നടത്തി വരുന്നതേയുള്ളൂ. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് ഈ പ്രദേശത്തിനാകെ ആഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയിയില്‍ ലാ നിന പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപ്പ് തന്നെ ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് വെതര്‍സോണിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനായ ബെന്‍ ഡൊമെന്‍സിനോ പറഞ്ഞു. ലാ നിന പ്രതിഭാസം മാസങ്ങളോളം നിലനില്‍ക്കുന്ന ഒന്നാണ്. കഴിഞ്ഞ തവണത്തേക്ക് അങ്ങനെയങ്ങ് അവസാനിച്ചെന്നു പറയാനാകില്ല. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും തീര്‍ത്ത കെടുതികള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെ പ്രളയ മുന്നറിയിപ്പുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായത്.

അതേസമയം മുന്‍കാലങ്ങളിലെ അനുഭവങ്ങളില്‍ മൂന്നാമത്തെ ലാ നിനയാണ് ഏറ്റവും ദുര്‍ബലമായതെന്ന് ഡോ. മാര്‍ഗരറ്റ് കുക്ക് പറഞ്ഞു. 1950-കളിലെ കനത്ത മഴ ക്വീന്‍സ്ലാന്‍ഡിലും വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലും വലിയ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26