മൂന്ന് വര്‍ഷത്തിനകം ഇരുപതിനായിരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ഫ്രാന്‍സ്

 മൂന്ന് വര്‍ഷത്തിനകം ഇരുപതിനായിരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ഫ്രാന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. 2025ഓടെ ഫ്രാന്‍സില്‍ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനാണ് ഫാന്‍സ് ആഗ്രഹിക്കുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്. മൂന്നു വര്‍ഷത്തിനകം ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

2025ഓടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്ന് തങ്ങളുടെ ആഗ്രഹം. അതൊരു അതിമോഹമാണെന്നറിയാം. പക്ഷേ ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഇടയില്‍ ആകാശമാണ് പരിധിയെന്നും കാതറിന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 7500 മുതല്‍ 8000 വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഇതുപ്രകാരം അവസരം ലഭിക്കും. നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ് ഈ സംഖ്യയെന്നും കാതറിന്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് ശേഷം മന്ദഗതിയിലായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വരവ് മുന്‍പത്തേതിനേക്കാള്‍ ഇപ്പോള്‍ ശക്തമാണെന്നും അവര്‍ പറഞ്ഞു. 500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദേശം 1.6 ദശലക്ഷം യൂറോയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഇതിനോടകം ഫ്രാന്‍സ് നല്‍കിയതായും കാതറിന്‍ അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും ഈ തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശാകാര്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളുകള്‍ ഉയര്‍ന്ന റാങ്കിലുള്ളവയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു.

2021 ഒക്ടോബര്‍ ഒന്നു മുതല്‍ പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കാതറന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലേക്ക് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയിരുന്നു. ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.