ന്യൂസീലന്‍ഡില്‍ സ്യൂട്ട്‌കേസുകളില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍

ന്യൂസീലന്‍ഡില്‍ സ്യൂട്ട്‌കേസുകളില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍

സോള്‍: ന്യൂസീലന്‍ഡില്‍ രണ്ട് പിഞ്ചു കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെന്നു കരുതുന്ന യുവതി ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍, കുട്ടികളുടെ ശരീരഭാഗങ്ങളടങ്ങിയ സ്യൂട്ട്‌കേസ് ഓക്ലന്‍ഡില്‍ കണ്ടെത്തിയത്. ഓക്ലന്‍ഡിലെ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്ന് ഉപേക്ഷിച്ച സ്യൂട്ട്‌കേസുകള്‍ വാങ്ങിയ കുടുംബമാണ് പത്തും ഏഴും വയസുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് നിഗമനം.

യുവതി ദക്ഷിണ കൊറിയയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ പിടികൂടാനായി ഓക്ലന്‍ഡ് പോലീസ് ദക്ഷിണ കൊറിയന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

സ്ത്രീയെ അറസ്റ്റ് ചെയ്ത വിവരം ദക്ഷിണ കൊറിയന്‍ പൊലീസാണ് പുറത്തുവിട്ടത്. യുവതിക്കെതിരെ കൊലക്കുറ്റത്തിനാണ് ന്യൂസീലന്‍ഡ് പോലീസ് കേസെടുത്തിട്ടുള്ളത്. ദക്ഷിണ കൊറിയയില്‍ നിന്ന് യുവതിയെ കൈമാറാന്‍ ന്യൂസീലന്‍ഡ് പോലീസ് അപേക്ഷ നല്‍കി.

42 വയസുള്ള സ്ത്രീ ജനിച്ചത് ദക്ഷിണ കൊറിയയിലാണ്. പിന്നീട് ന്യൂസിലന്‍ഡിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ നഗരമായ ഉല്‍സാനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്. അതേസമയം സ്ത്രീ കുറ്റം നിഷേധിച്ചു.

ന്യൂസീലന്‍ഡില്‍ വെച്ച് തന്റെ ഏഴും പത്തും വയസുള്ള കുട്ടികളെ കൊലപ്പെടുത്തി, ശരീര ഭാഗങ്ങള്‍ മുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചാണ് സ്ത്രീ 2018-ല്‍ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടതെന്നാണ് കരുതുന്നതെന്ന് ദക്ഷിണ കൊറിയന്‍ പൊലീസ് പറഞ്ഞു.

യുവതിയെ ന്യൂസിലന്‍ഡിലേക്ക് നാടുകടത്തണോ എന്ന കാര്യത്തില്‍ ദക്ഷിണ കൊറിയന്‍ കോടതി തീരുമാനമെടുക്കും. സ്യൂട്ട്‌കേസ് ലേലത്തില്‍ വാങ്ങിയ കുടുംബമാണ് കുട്ടികളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. നാലു വര്‍ഷത്തോളമായി സ്യൂട്ട്‌കേസുകള്‍ സ്റ്റോറേജ് യൂണിറ്റിലുണ്ടായിരുന്നു.

മരണപ്പെട്ട കുട്ടികളുടെ കുടുംബം കുറച്ച് വര്‍ഷങ്ങളായി ഓക്ലന്‍ഡിലാണു താമസം. കുട്ടികളുടെ മരണത്തിന് മുമ്പ് പിതാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിമാര്‍ ഇപ്പോഴും ന്യൂസീലന്‍ഡില്‍ താമസിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ആദ്യം ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് ഒരു കുടുംബം സ്യൂട്ട്കേസുകള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ വാങ്ങിയത്. ലേലസമയത്ത് കിട്ടുന്ന സാധനങ്ങള്‍ തുറന്നുപരിശോധിക്കാറില്ല. പിന്നീട് വീട്ടിലെത്തി ഇതു തുറന്നപ്പോഴാണ് രണ്ടു സ്യൂട്ട്കേസുകളിലായി കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ കുടുംബത്തിന് മരണവുമായി യാതൊരു ബന്ധവുമില്ലെന്നും കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവര്‍ വലിയ മാനസിക പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രതിയെ വിദേശത്ത് കസ്റ്റഡിയിലെടുത്തത് കൊറിയന്‍ അധികാരികളുടെ സഹായവും ന്യൂസീലന്‍ഡ് പോലീസ് ഇന്റര്‍പോള്‍ സ്റ്റാഫിന്റെ ഏകോപന മികവും കൊണ്ടാണെന്നു ന്യൂസിലന്‍ഡ് പോലീസ് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ടോഫിലൗ ഫമാനൂയ വാലുവ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.