സൗത്ത് ബെൻഡ്: നോട്രെ ഡാം സർവകലാശാലയിലെ മുഖ്യ ഫുട്ബോൾ പരിശീലകനായ മാർക്കസ് ഫ്രീമാൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഇന്ത്യാനയിലെ സൗത്ത് ബെൻഡിലെ ഗ്രെഞ്ചറിലുള്ള വിശുദ്ധ പത്താം പിയൂസ് മാർപാപ്പയുടെ നാമത്തിലുള്ള ദേവാലയത്തിൽ വെച്ചാണ് ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്.
ഞങ്ങളുടെ ഏറ്റവും പുതിയ കത്തോലിക്കനായ മാർക്കസ് ഫ്രീമാന് സ്വാഗതം എന്ന് വ്യക്തമാക്കി സെന്റ് പയസ് ചർച്ച് ബുള്ളറ്റിനും പ്രസിദ്ധീകരിച്ചു. മർക്കസ് തന്റെ ആദ്യ വിശുദ്ധ കുർബാന സ്വീകരിച്ചു. വിശ്വാസത്തിൽ യാത്ര തുടരുന്നതിനായി ദയവായി മാർക്കസിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്നും പ്രസ്താവനയിൽ പറയുന്നു.
നോട്രെ ഡാം സർവകലാശാലാ പ്രസിഡന്റ് ഫാദർ ജോൺ ജെങ്കിൻസ് ഉൾപ്പെടെ നാല് പുരോഹിതന്മാരുടെ സാന്നിധ്യത്തിലാണ് മർക്കസ് ഫ്രീമാൻ വിശ്വാസ സ്വീകരണം നടത്തിയത്. ഫുട്ബോൾ ടീമിലെ വൈദീകനായ ഫാദർ നേറ്റ് വിൽസിന്റെ മേൽനോട്ടത്തിലായിരുന്നു 36 കാരനായ ഫ്രീമാന്റെ വിശ്വാസ പരിശീലനം.
ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ മർക്കസ് ഫ്രീമാൻ ക്രിസ്ത്യാനിയായിരുന്നു. നോട്രെ ഡാം വിശ്വാസത്തിന് ഊന്നൽ നൽകുന്ന ഒരു സർവകലാശാല ആണെന്നും അതുകൊണ്ട് തന്നെ ഇവിടെ ജോലി ചെയ്യുന്നതിൽ താൻ കൃതജ്ഞതയുള്ളവനാണെന്നും ദേശീയ കാത്തലിക് രജിസ്റ്ററിന് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിനെ ആശ്ലേഷിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നമ്മുടെ ആളുകൾ ചിന്തിക്കുകയും മനസിലാക്കുകയും വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഫ്രീമാൻ വ്യക്തമാക്കി.
നോട്രെ ഡാം സർവകലാശാലയിലെ ദീർഘകാലത്തെ കോച്ച് ആയിരുന്ന ബ്രയാൻ കെല്ലിയുടെ പിൻഗാമിയായാണ് ഫ്രീമാൻ എത്തുന്നത്. ടീമിന്റെ ഗെയിം-ഡേ മാസ്സ് അർപ്പിച്ച് കെല്ലിയുടെ രീതികൾ പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് ഫ്രീമാൻ ഇത്തവണ ഫുട്ബോൾ സീസൺ ആരംഭിച്ചത്. ഫുട്‍ബോൾ കളികളുടെ തലേന്ന് രാത്രി ടീം ഒന്നിച്ച് കുർബാനയിൽ പങ്കെടുക്കുക എന്നതാണ് കെല്ലിയുടെ ഒരു രീതി. കെല്ലിയെ പിന്തുടർന്ന് വീണ്ടും നോട്രെ ഡാം ടീം ഒരുമിച്ച് ബസിലിക്കയിൽ കുർബാനയിൽ പങ്കുചേരും. അതിന് ശേഷം മാത്രം സ്റ്റേഡിയത്തിലേക്ക് യാത്രയാകും.
സാധാരണയായി കളിക്കാർ സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ ബസിലിക്കയിൽ കയറിയ ശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നതാണ് കാണാറുള്ളത്. എന്നാൽ കഴിഞ്ഞ സീസണിൽ ടീം ആ പാരമ്പര്യം പിന്തുടരുന്നില്ലെന്ന് അറിഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്ന് അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. അതുകൊണ്ട് ആ രീതി പുനഃസ്ഥാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗെയിമുകൾക്ക് മുമ്പ് ടീം ഒരുമിച്ച് കുർബാനയിൽ പങ്കെടുക്കേണ്ടത് പ്രധാനമാണെന്ന് താൻ ചിന്തിച്ചത് എന്തുകൊണ്ടാണെന്നും ഫ്രീമാൻ ദേശീയ കാത്തലിക് രജിസ്റ്ററുമായി ചർച്ച ചെയ്തു. "എന്നെ സംബന്ധിച്ചിടത്തോളം കുർബാനയ്ക്ക് പോകാൻ ഇതിലും നല്ല മറ്റൊരു സമയം ഇല്ല. പുരോഹിതനിൽ നിന്ന് വരുന്ന ഓരോ വാക്കും ഉള്ളിൽ സ്വീകരിക്കുവാനും അവയിലൂടെ കഴിയുന്നത്ര ദൈവത്തിലേക്ക് അടുക്കാനും ഇതിലും നല്ല മറ്റൊരു സമയം ഇല്ല"- എന്നും ഫ്രീമാൻ വിശദീകരിച്ചു.
ഒഹായോയിലെ ഹ്യൂബർ ഹൈറ്റ്സിൽ ഹൈസ്കൂൾ റിക്രൂട്ടറായി ജോലി ചെയ്തിരുന്നപ്പോളും മത്സരങ്ങൾക്ക് മുൻപായി കുർബാനയിൽ പങ്കെടുത്തതിന്റെ പ്രിയപ്പെട്ട ഓർമ്മകൾ ഫ്രീമാന് ഉണ്ടായിരുന്നു. കത്തോലിക്കാ വിശ്വാസിയായ ജോവാനയാണ് മർക്കസ് ഫ്രീമാന്റെ ഭാര്യ. വിന്നി, സിയാന, ജിനോ, നിക്കോ, കാപ്രി, റോക്കോ എന്നിവരാണ് മക്കൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.